71 ദിവസത്തിനുളളില്‍ ഗുജറാത്തില്‍ മരിച്ചത് 1.23 ലക്ഷം പേര്‍; ഗുജറാത്തിലെ കൊവിഡ് കളളക്കണക്കുകള്‍ പത്രങ്ങള്‍ക്കും മറച്ചുവയ്ക്കാനാവുന്നില്ലെന്ന് ഡോ. തോമസ് ഐസക്

Update: 2021-05-16 01:27 GMT

തിരുവനന്തപുരം: രാജ്യത്ത് ഗ്രാമീണ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതായി പ്രധാനമന്ത്രിക്കും സമ്മതിക്കേണ്ടിവന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക്ക്. എന്നും ബിജെപിക്കൊപ്പം നിലയുറപ്പിച്ച ഗുജറാത്തിലെ പത്രങ്ങള്‍ക്കും കൊവിഡ് വ്യാപനത്തിന്റെ യാഥാര്‍ത്ഥ്യം സമ്മതിക്കാതെ തരമില്ലാതായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ മരണക്കണക്കിലെ കള്ളക്കളികള്‍ ദിവ്യ ഭാസ്‌കര്‍ എന്ന ഗുജറാത്തി പത്രം പ്രസിദ്ധീകരിച്ചതും അദ്ദേഹം തന്റെ കുറിപ്പില്‍ എടുത്തുചേര്‍ത്തിട്ടിണ്ട്.

'ദിവ്യ ഭാസ്‌ക്കര്‍' പത്രത്തിന്റെ കണക്കുപ്രകാരം മാര്‍ച്ച് 1 മുതല്‍ മെയ് 10 വരെയുള്ള 71 ദിവസത്തിനിടയില്‍ ഗുജറാത്തില്‍ 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. തലേവര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 58,000 മരണം കൂടുതലാണ് ഉണ്ടായത്. അതേസമയം ഔദ്യോഗിക കൊവിഡ് മരണം 4,218 മാത്രമാണ്. യഥാര്‍ത്ഥ കൊവിഡ് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതിന്റെ 10 മടങ്ങിലേറെ വരുമെന്നാണ് ഇതിനര്‍ത്ഥം.

''കണക്കുകളില്‍ വലിയ കള്ളക്കളിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മരണത്തിന്റെ മുഖ്യകാരണം എന്താണെന്നതിന്റെ അടിസ്ഥാനത്തിലാണ് കൊവിഡ് മരണമാണോ അല്ലയോയെന്നു നിശ്ചയിക്കുന്നത് എന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ രൂപാണി പറയുന്നത്. ഉദാഹരണത്തിനു കൊവിഡ് പോസിറ്റീവായ ഒരാള്‍ ഹൃദയസ്തംഭനംമൂലം മരിച്ചാല്‍ ആ മരണം ഹൃദയസ്തംഭനത്തിന്റെ അക്കൗണ്ടിലാണ് രേഖപ്പെടുത്തുന്നത്. ഐസിഎംആര്‍ ഇത് അംഗീകരിച്ചിട്ടുണ്ടെന്നാണു മുഖ്യമന്ത്രിയുടെ വാദം. ഇതു ശുദ്ധ നുണയാണ്. ഐസിഎംആറിന്റെ മാനദണ്ഡങ്ങള്‍ക്കു കടകവിരുദ്ധമാണ് ഈ രീതി''- മോദിയും കൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും രോഗവ്യാപനം മറച്ചുവയ്ക്കുന്നത് വ്യാപനത്തിന് കാരണമാവുമെന്നും മന്ത്രി പറഞ്ഞു. '' രോഗത്തിന്റെ തീവ്രത എത്ര മറച്ചുവയ്ക്കുന്നവോ അത്രയും വ്യാപനം മൂര്‍ച്ഛിക്കും. കാര്യങ്ങള്‍ തുറന്നുപറഞ്ഞു രോഗികളെ ക്വാറന്റൈന്‍ ചെയ്യിക്കുകയും ചികിത്സ നല്‍കുകയുമാണു വേണ്ടത്. അതുപോലെ കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുകയും എത്രയും പെട്ടെന്നു വാക്‌സിനേഷന്‍ നല്‍കുകയും വേണം. ഇതിനൊന്നും ആവശ്യമായ പണം ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല''.

''ഇതിനിടയില്‍ ഗംഗാ നദിയിലൂടെ ഒഴുക്കിവിടുന്ന കൊവിഡ് മൃതദേഹങ്ങളുടെ എണ്ണം വിചാരിച്ചതിനേക്കാളും അപ്പുറത്താണെന്ന റിപോര്‍ട്ടുകളും വരുന്നുണ്ട്. 'ഏഷ്യന്‍ ഏജ്' എന്ന പത്രം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യ റിപോര്‍ട്ട് പുറത്തുവിട്ടു. 2,000 മൃതദേഹങ്ങളാണ് നദിയില്‍ നിന്നും എടുത്തു മാറ്റിയത്. ഇതു മുഖ്യമായും കാണ്‍പൂര്‍, ഗാസിപ്പൂര്‍, ഉന്നാവോ, ബാലിയ ജില്ലകളിലാണ്. അതിനിടയില്‍ മറ്റൊരു വാര്‍ത്തകൂടി പുറത്തുവന്നിട്ടുണ്ട്. ഗ്രാമീണര്‍ മൃതദേഹങ്ങള്‍ ഗംഗാതീരത്തു ദഹിപ്പിക്കുന്നതിനു പകരം അവിടെ കുഴിച്ചിടുകയാണ്. നായകള്‍ മൃതദേഹങ്ങള്‍ കടിച്ചു പുറത്തെടുക്കുന്നു. ഏറ്റവും പ്രിയപ്പെട്ടവരാണെങ്കിലും ചിതയൊരുക്കുന്നതിനു വിറകു വാങ്ങാന്‍ പണമില്ല. അത്ര കൊടിയ ദാരിദ്ര്യത്തിലേയ്ക്കു ഗ്രാമങ്ങള്‍ വീണിരിക്കുകയാണ്'' പ്രതിസന്ധി പരിഹരിക്കാന്‍ 2000 രൂപ കിസാന്‍ സമ്മാന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് ഫലമില്ലെന്നും അദ്ദേഹം പറഞ്ഞു.

Similar News