അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരന്‍; കേരളത്തില്‍ തുടര്‍ച്ചയായി രോഗമുക്തി നേടുന്നത് രണ്ടുപേര്‍
കൊച്ചി: അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലായിരുന്ന 12-കാരന്‍ തിങ്കളാഴ്ച ആശുപത്രി വിടും. തൃശ്ശൂര്‍ വെങ്കിടങ് പാടൂര്‍ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാര്‍ഥി ഒരു മാസത്തിലധികമായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂണ്‍ ഒന്നിന് പനിയെത്തുടര്‍ന്ന് കുട്ടി പാടൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. പിന്നാലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സ്രവപരിശോധനയില്‍ അണുബാധ സ്ഥിരീകരിച്ചു.
ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കും മാറ്റി. തുടര്‍ന്നാണ് കുട്ടിയെ അമൃത ആശുപത്രിയിലേക്കെത്തിച്ചത്. ഇവിടെനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലവും പോസിറ്റീവായിരുന്നു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ആരോഗ്യം വീണ്ടെടുത്ത കുട്ടിയെ വെന്റിലേറ്ററില്‍നിന്ന് ഐ.സി.യു.വിലേക്കും തുടര്‍ന്ന് മുറിയിലേക്കും മാറ്റിയിരുന്നു. മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മേലടി സ്വദേശി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. 97 ശതമാനം മരണനിരക്കുള്ള അമീബിക് മസ്തിഷ്‌ക ജ്വരത്തില്‍നിന്ന് രോഗികള്‍ രക്ഷപ്പെടുന്നത് അപൂര്‍വമാണ്. ലോകത്തുതന്നെ 11 പേരാണ് രോഗമുക്തി നേടിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായി രണ്ട് രോഗബാധിതര്‍ കേരളത്തില്‍ രോഗമുക്തി നേടുന്നത്.
അതേസമയം സ്വകാര്യ ആശുപത്രിയില്‍ ഇതേ അസുഖം ബാധിച്ച് ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസ്സുകാരന്റെ ആരോഗ്യസ്ഥിതി പുരോഗതിയില്ലാതെ തുടരുന്നു. ഇതേ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള കോഴിക്കോട് സ്വദേശിയായ നാല് വയസ്സുകാരന്റെ സ്രവപരിശോധനാഫലം ലഭിച്ചിട്ടില്ല.
