നോയിഡയില്‍ 12 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു; അറസ്റ്റിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലിസ് വെടിവച്ച് വീഴ്ത്തി
നോയിഡ: നോയിഡയില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന 12 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തു. ഇരുപതുവയസ്സ് പ്രായമുള്ള യുവാവാണ് പ്രതി. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതി ചാടിപ്പോകാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചുവീഴ്ത്തി വീണ്ടും പിടികൂടി. കാലില്‍ പരിക്കേറ്റ പ്രതി ചികില്‍സയിലാണ്.
'രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി കാണുകയും സെക്ടര്‍ 32ലെ ഒറ്റപ്പെട്ട ഒരു പ്രദേശത്തേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയുംചെയ്തു. വിഷയം ലോക്കല്‍ സെക്ടര്‍ 24 പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്രതി പിടിയിലായി'' - പോലിസ് പറഞ്ഞു.
പ്രതി നേരത്തെയും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഐപിസി 376(ബലാല്‍സംഗം)അനുസരിച്ച് പോലിസ് കേസെടുത്തു. പോക്‌സൊയും ചുമത്തി.
പ്രതിയെ ആദ്യം പിടികൂടി സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നീട് മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും ബലം പ്രയോഗിച്ച് പോലിസ് പിടികൂടിയെന്നും നോയിഡ പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ രണ്‍വിജയ് സിങ് പറഞ്ഞു.
വാഹനത്തില്‍നിന്ന് എടുത്തുചാടി രക്ഷപ്പെടാനായിരുന്നു ശ്രമം. പിടിച്ചുനിര്‍ത്താനുള്ള നീക്കം പരാജയപ്പെട്ടപ്പോള്‍ വെടിയുതിര്‍ത്തു. പരിക്കേറ്റ ഇയാളെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
