2 മാസത്തിനിടയില്‍ റദ്ദാക്കിയത് 12 പരിപാടികള്‍; എല്ലാം അവസാനിപ്പിക്കുന്നുവെന്ന് സ്റ്റാന്റ് അപ്പ് കോമേഡിയന്‍ മുനവര്‍ ഫാറൂഖി

Update: 2021-11-28 12:07 GMT

ബെംഗളൂരു: രണ്ട് മാസത്തിനുള്ളില്‍ പന്ത്രണ്ടാമത് പരിപാടിയും റദ്ദാക്കിയ സാഹചര്യത്തില്‍ താന്‍ എല്ലാം അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സ്റ്റാന്റ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി. ഹിന്ദുത്വരുടെ ഭീഷണിയെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിശ്ചയിച്ച പരിപാടി റദ്ദാക്കിയ സാഹചര്യത്തിലാണ് ഫാറൂഖിയുടെ പ്രതികരണം. സാമൂഹിക മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പിലാണ് താന്‍ രംഗമൊഴിയുകയാണെന്ന് അദ്ദേഹം നിരാശയോടെ പ്രഖ്യാപിച്ചത്.

വിദ്വേഷം വിജയിച്ചു, കലാകാരന്‍ തോറ്റു, ഞാന്‍ പൂര്‍ത്തിയാക്കി, വിട- ഫാറൂഖി ഇന്‍സ്റ്റഗ്രാമില്‍ എഴുതി.

പരിപാടികള്‍ അവതരിപ്പിക്കുന്നത് അവസാനിപ്പിക്കരുതെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ അഭ്യര്‍ത്ഥിച്ചു. ഇല്ല, വിരമിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല- സംഗീത സംവിധായകന്‍ മയൂര്‍ ജുമാനി ഫാറൂഖിയുടെ പോസ്റ്റിന് കമന്റ് ചെയ്തു.

ഫാറൂഖി വിവാദമുണ്ടാക്കുന്നയാളാണെന്നാണ് ബെംഗളൂരുവിലെ സംഘാടകര്‍ക്ക് നല്‍കിയ കത്തില്‍ പോലിസ് ആരോപിച്ചത്. ഹിന്ദു ജാഗ്രന്‍ സമിതിയുടെ നേതാക്കളും പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.

600ഓളം ടിക്കറ്റുകളാണ് വിറ്റുപോയതെന്നും ഭീഷണി മൂലം പരിപാടി റദ്ദാക്കുകയാണെന്നും അദ്ദേഹം മറ്റൊരു പോസ്റ്റില്‍ എഴുതി.

കന്നഡ താരം പുനീത് രാജ്കുമാര്‍ മുന്‍കൈയെടുത്താണ് നേരത്തെ ഈ പരിപാടി ഷെഡ്യൂള്‍ തീരുമാനിച്ചത്.

രാജ്യത്താകമാനം വളരെയേറെ ആരാധകരുള്ള കൊമേഡിയനാണ് മുനവര്‍ ഫാറൂഖി. അദ്ദേഹം തന്റെ പരിപാടിയില്‍ വലത് പക്ഷ നേതാക്കളെയും ആശയങ്ങളെയും കളിയാക്കുന്നുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകള്‍ പരിപാടികളുടെ സംഘാടകരെ ഭീഷണിപ്പെടുത്തുന്നത്. 

Tags: