വാതകച്ചോര്‍ച്ച: വിശാഖപ്പട്ടണത്ത് 12 പേരെ അറസ്റ്റ് ചെയ്തു, 3 മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനില്‍

Update: 2020-07-07 19:02 GMT

വിശാഖപ്പട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപ്പട്ടണത്ത് രണ്ട് മാസം മുമ്പ് എല്‍ജി പോളിമര്‍ കമ്പനിയില്‍ നടന്ന വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 12 പേരെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ട് സര്‍ക്കാര്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്നു കണ്ടെത്തിയ 12 പേരെ അറസ്റ്റ് ചെയ്തായി വിശാഖപ്പെട്ടണം പോലിസ് കമ്മീഷണര്‍ ആര്‍ കെ മീണ പറഞ്ഞു. അന്നു നടന്ന സ്‌ഫോടനത്തില്‍ 12 പേരാണ് മരിച്ചത്.

എല്‍ജി പോളിമര്‍ സിഇഒയും എംഡിയുമായ സുങ്കെ ജിയോങ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡി എസ് കിം, അഡീഷണല്‍ ഡയറക്ടര്‍ പി പൂര്‍ണ ചന്ദ്ര മോഹന്‍ റാവു തുടങ്ങി 9 പേരാണ് അറസ്റ്റിലായത്.

ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കെബിഎസ് പ്രസാദ്, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍ ആര്‍ ലക്ഷ്മി നാരായണ(സോണല്‍ ഓഫിസ്), പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍ പി പ്രസാദ റാവു(റീജണല്‍ ഓഫിസ്) എന്നിവരാണ് സസ്‌പെന്‍ഷനിലായത്.

മെയ് ഏഴിനാണ് എല്‍ജി പോളിമേഴ്‌സില്‍ വാതകച്ചോര്‍ച്ചയുണ്ടായത്.  

Tags: