പാലക്കാട്; ഇടപാട് നടത്താനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തി രണ്ട് പേരില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ 12 പേര്‍ അറസ്റ്റില്‍. പാലക്കാട് കിണാശ്ശേരിയിലെ മുഹമ്മദ് ഷരീഫ്, പാലക്കാട് അബ്ബാസ്, മണ്ണാര്‍ക്കാട് സ്വദേശികളായ രമേശ്, ബിജു, മുഹമ്മദ് മുസ്തഫ, സഫീര്‍, വിജേഷ്, രാമകൃഷ്ണന്‍, നിഷ്ദ് ബാബു തുടങ്ങി പന്ത്രണ്ട് പേരെയാണ് പാലക്കാട് കസബ പോലിസ് പിടികൂടിയത്.
മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികള്‍ക്ക് പാലക്കാട് വിവിധ സ്‌റ്റേഷനുകളില്‍ കേസ്സുകളുണ്ട്.
മലപ്പുറം അരീക്കോട് പാറക്കല്‍ ഹൗസ് ഉണ്ണി മുഹമ്മദ് മകന്‍ അബ്ദുള്‍ നാസറിനെയും സുഹൃത്ത് അബ്ദുള്‍ റഹിമാനേയുമാണ് പ്രതികള്‍ വിളിച്ചുവരുത്തി പണം തട്ടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പാലക്കാട് ജില്ലാ പോലിസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ഡി.വൈ.എസ്.പി ഹരിദാസ്, പി സി കസബ ഇന്‍സ്‌പെക്ടര്‍ രാജീവ് എന്‍എസ് എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ അനീഷ് എസ്, സദാശിവന്‍ പിജി, എഎസ്‌ഐ രമേഷ് വി, സുരേഷ് ബാബു, സിപിഒ മണികണ്ഠ ദാസ്, മുഹമ്മദ് മുആദ്, മാര്‍ട്ടിന്‍, ഉദയപ്രകാശ്, വികാസ് വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ജനവരി 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം അരീക്കോട് പാറക്കല്‍ ഹൗസ് ഉണ്ണി മുഹമ്മദ് മകന്‍ അബ്ദുള്‍ നാസറിനെയും സുഹൃത്ത് അബ്ദുള്‍ റഹിമാനേയും മുന്‍പ് നടത്തിയ ഇടപാടുകളില്‍ പ്രതികള്‍ നല്‍കിയ 78,90,000 രൂപ തിരിച്ച് കിട്ടുന്നതിന് വേണ്ടി വിളിച്ചുവരുത്തുകയായിരുന്നു. പിന്നീട് കിണാശ്ശേരിക്കടുത്തുള്ള മമ്പറം എന്ന സ്ഥലത്ത് ഒന്നാം പ്രതിയുടെ ഫാമില്‍ എത്തിച്ച് മര്‍ദ്ദിച്ചു. കയ്യിലുണ്ടായിരുന്ന 10,300രൂപ തട്ടിയെടുത്തു.
