ഗുജറാത്തിലെ ഭുജില്‍ നിന്ന് പിടിച്ചെടുത്തത് 11 പാക് മല്‍സ്യബന്ധന ബോട്ടുകള്‍; സംയുക്തസേന തിരച്ചില്‍ തുടരുന്നു

Update: 2022-02-11 05:43 GMT

ഭുജ്; ഇന്ത്യന്‍ സമുദ്രാതിര്‍ത്തി മുറിച്ചു കടന്ന 11 മല്‍സ്യബന്ധന ബോട്ടുകള്‍ ബിഎസ്എഫ് പിടിച്ചെടുത്തു. ഗുജറാത്തിലെ ഭുജില്‍ ഹരാമി നല്ലയിലെ കടലിടുക്കില്‍ നിന്നാണ് വ്യാഴാഴ്ച ബോട്ടുകള്‍ പിടികൂടിയത്. ഇന്ത്യന്‍ ബോട്ടുകള്‍ക്കും നിരോധനമുള്ള പ്രദേശമാണ് ഇത്.

ബോട്ടുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നതായി ഫെബ്രുവരി 9നാണ് തിരിച്ചറിഞ്ഞതെന്ന് ബിഎസ്എഫ് വാര്‍ത്താകുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് നടന്ന തിരച്ചിലിലാണ് 11 ബോട്ടുകള്‍ പിടികൂടിയത്. വ്യോമസേനയുടെ മൂന്ന് സംഘം കമാന്റോകളെ നിയോഗിച്ചാണ് ബോട്ട് പിടിച്ചെടുത്തത്. കമാന്റോകളെ കണ്ടതോടെ ബോട്ടിലുണ്ടായിരുന്നവര്‍ ഒളിച്ചിരിക്കാമെന്നാണ് കരുതുന്നത്.

ബോട്ടിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സംയുക്ത തിരച്ചിലും തുടരുന്നു. എന്നാല്‍ ചതുപ്പു നിറഞ്ഞ ഈ പ്രദേശത്ത് തിരച്ചില്‍ ദുഷ്‌കരമാണ്. ബോട്ടിലുണ്ടായിരുന്നവര്‍ പാക് മേഖലയിലേക്ക് കടന്നിരിക്കാമെന്നും റിപോര്‍ട്ടുണ്ട്. 

Tags: