കര്‍ണാടകയില്‍ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം

Update: 2021-01-15 06:59 GMT

ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം. ഇന്ന് രാവിലെ ഏഴരയോടെ ഇത്തിഗട്ടിക്ക് സമീപം ഹുബ്ബള്ളി -ധാര്‍വാഡ് ബൈപാസ് റോഡിലായിരുന്നു അപകടം.

10 സ്ത്രീകളും ടിപ്പര്‍ ഡ്രൈവറുമാണ് അപകടത്തില്‍ മരിച്ചത്. പരിക്കേറ്റ ആറുപേരെ ഹുബ്ലിയിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

അവധിക്കാലം ആഘോഷിക്കാനായി ദോവനഗരിയില്‍ നിന്നും ഗോവയിലേക്ക് പുറപ്പെട്ട മിനിബസാണ് അപകടത്തില്‍പ്പെട്ടത്. പൂര്‍വ്വകാല കോളജ് സുഹൃത്തുക്കളായിരുന്ന സ്ത്രീകളുടെ സംഘമാണ് മിനി ബസിലുണ്ടായിരുന്നതെന്നാണ് പോലിസ് പറഞ്ഞു. ആകെ പതിനാറ് പേരായിരുന്നു മിനിബസിലുണ്ടായിരുന്നതെന്നും പോലിസ് വ്യക്തമാക്കി. മുന്‍ എംഎല്‍എ ഗുരുസിദ്ധനഗൗഡറിന്റെ മരുമകളും അപകടത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നു. രജനി, പ്രീതി, പരംജ്യോതി, വീണ, രാജേശ്വരി, മഞ്ജുള എന്നിങ്ങനെ മരിച്ച അഞ്ചു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മിനിബസിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു.

പൂനെക്കും ബെംഗളൂരുവിനും ഇടയിലുള്ള ദേശീയപാതയിലെ ഒരൊറ്റ പാതയാണ് ഹുബ്ബള്ളി -ധാര്‍വാഡ ബൈപാസിന്റെ 32 കിലോമീറ്റര്‍ ദൂരം. മുംബൈയ്ക്കും ചെന്നൈ വ്യവസായ ഇടനാഴിക്കും ഇടയിലുള്ള ഏക ഒറ്റ പാത കൂടിയാണിത്.