മലബാര്‍ സമരത്തിന്റെ നൂറാം വാര്‍ഷികം: ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക് ഉജ്ജ്വല തുടക്കം

Update: 2021-01-20 13:54 GMT

പുത്തനത്താണി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വ ചൂഷണത്തിനും എതിരായി 1921ല്‍ മലബാറില്‍ നടന്ന ഉജ്ജ്വല പോരാട്ടത്തിന് നൂറു വര്‍ഷം തികയുന്ന വേളയില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടിയുടെ പ്രഖ്യാപനം പുത്തനത്താണിയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. ഇന്ന് ഇന്ത്യ ഭരിക്കുന്നവര്‍ക്ക് നമ്മുടെ സ്വാതന്ത്ര സമരത്തില്‍ ഉണ്ടായ പങ്ക് എന്താണെന്ന് എല്ലാവരും ഓര്‍ക്കണം. ഒരു ജനത മൊത്തം നടത്തിയ ചെറുത്ത് നില്‍പ്പിനെയാണ് ബ്രിട്ടീഷ് ചരിത്രം അവലംബമാക്കി വര്‍ഗീയ ലഹളയെന്നും കലാപമെന്നും മുദ്ര കുത്തുന്നത്. മലബാര്‍ സമരം ജാലിയന്‍ വാലാബാഗ് പോലെ ഐതിഹാസികമായിരുന്നു. മുസ്‌ലിംകള്‍ നേതൃത്വം നല്‍കിയതിനാല്‍ അതിനെയും അവഗണിക്കുകയാണ്. സംഘപരിവാരം 1921ലെ സമരത്തിന് തെറ്റായ വ്യാഖ്യാനങ്ങള്‍ ചമക്കാനുള്ള ഗൂഢാലോചനയും കുല്‍സിത ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ സമരത്തിന് എതിരായ എല്ലാ തെറ്റായ പ്രചരണങ്ങളെയും അതിജീവിക്കുന്ന കാലം ഉണ്ടാവുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തേജസ് മാനേജിംഗ് എഡിറ്റര്‍ കെ.എച്ച് നാസര്‍ അധ്യക്ഷത വഹിച്ചു.

സി അബ്ദുല്‍ ഹമീദ് രചിച്ച 'മലബാറിന്റെ വിപ്ലവ നായകന്‍: വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി'എന്ന പുസ്തകം ഡോ: പി ഇബ്രാഹിം കെ. അബ്ദുല്‍ മജീദിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ലോഗോ പ്രകാശനം ആക്ടിവിസ്റ്റ് പി.സുന്ദര്‍ രാജ് പ്രഫ. പി സൈതലവിക്ക് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു. വി.ടി ഇഖ്‌റാമുല്‍ ഹഖ് അനുസ്മരണ സന്ദേശം നല്‍കി.കെ.വി ഷാജി, പി.പി റഫീഖ്, കെ.പി.ഒ റഹ്മത്തുല്ല തുടങ്ങിയവര്‍ സംസാരിച്ചു.

Similar News