വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി 100 വീടുകള്‍ നിര്‍മിച്ച് നല്‍കും: മന്ത്രി ടി പി രാമകൃഷ്ണന്‍

തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും

Update: 2019-11-11 09:51 GMT

കോഴിക്കോട്: വയനാട് ജില്ലയിലെ തോട്ടം തൊഴിലാളികള്‍ക്കായി ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് തൊഴില്‍- നൈപുണ്യ മന്ത്രി ടി പി രാമകൃഷ്ണന്‍. സംസ്ഥാനത്തെ തോട്ടം തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഭവന നിര്‍മാണ പദ്ധതിയ്ക്കായി സ്ഥലം സൗജന്യമായി വിട്ടുനല്‍കുന്ന വിഷയം തോട്ടം ഉടമകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തോട്ടം തൊഴിലാളികള്‍ക്ക് സ്വന്തമായി വീട് ലൈഫ് പദ്ധതി മുഖേന ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് ലൈഫ് മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ തോട്ടം തൊഴിലാളികളെ നാല് കാറ്റഗറികളായി തിരിച്ച് തൊഴില്‍ വകുപ്പ് നടത്തിയ സര്‍വ്വേയില്‍ 32,591 പേര്‍ ഭൂരഹിതരും ഭവനരഹിതരുമാണെന്ന് കണ്ടെത്തിയിരുന്നു. ഈ വിവരങ്ങള്‍ ലൈഫ് മിഷന് പ്രത്യേകമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നതും സ്വന്തമായി സ്ഥലമുള്ളവരും ഭവന രഹിതരുമായ തൊഴിലാളികള്‍ക്ക് നാല് ലക്ഷം രൂപ ചെലവില്‍ 400 ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്വതന്ത്ര ഭവനങ്ങളും സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് 400 ചതുരശ്രയടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സുകളും നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ കുറ്റിയാര്‍വാലിയില്‍ ലൈഫ് മിഷന്റെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കുള്ള ഭവന നിര്‍മാണം പുരോഗമിച്ചു വരികയാണ്. തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന സ്വന്തമായി സ്ഥലമില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണത്തിനായി മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ 5.49 ഏക്കര്‍ ഭൂമി കൈമാറ്റം ചെയ്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായും മന്ത്രി മറുപടി നല്‍കി.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ വേതന പരിഷ്‌കരണം സംബന്ധിച്ച് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ ധാരണയാവാത്ത സാഹചര്യത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് പ്രതിദിനം 50/ രൂപ ഇടക്കാലാശ്വാസം നല്‍കാന്‍ കരാറുണ്ടാക്കിയിട്ടുണ്ട്. മേഖലയിലെ വേതന പരിഷ്‌കരണം സംബന്ധിച്ച് ഈ മാസം 14ന് തൊഴില്‍ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.

Tags: