10 വര്‍ഷത്തെ ഒളിവു ജീവിതം: ഫ്രഞ്ച് മയക്കുമരുന്ന് തലവന്‍ ദുബയില്‍ പിടിയിലായി

2015ല്‍ ഫ്രഞ്ച് കോടതി ഇയാളെ 20 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.

Update: 2021-04-01 15:19 GMT

ദുബയ് : വ്യാജ പേരില്‍ പത്തു വര്‍ഷത്തോളമായി ദുബയില്‍ താമസിക്കുകയായിരുന്ന കുപ്രസിദ്ധ ഫ്രഞ്ച് മയക്കുമരുന്ന് കള്ളക്കടത്ത് തലവനെ പൊലീസ് അറസ്റ്റ് ചെയ്തു. ദി ഗോസ്റ്റ് എന്ന വിളിപ്പേരുള്ള മൊഫിദെ ബൗചിബിയെ ആണ് അറസറ്റു ചെയ്തത്. അധികൃതരുടെ കണ്ണുവെട്ടിച്ച് രഹസ്യമായി പലയിടത്തായി താമസിക്കുകയായിരുന്നു ഇയാള്‍. യുറോപ്പിലുടനീളം മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന സംഘത്തിന്റെ തലവനാണ് 39കാരനായ മൊഫിദെ. 2015ല്‍ ഫ്രഞ്ച് കോടതി ഇയാളെ 20 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.

ദുബയ് പോലീസിന്റെ ക്രിമിനല്‍ ഡേറ്റ അനാലിസിസ് സെന്ററും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റുമാണ് വ്യാജ പേരിലെത്തിയ മൊഫിദെയെ തിരിച്ചറിഞ്ഞത്. ഉടന്‍ ദുബായ് പോലീസ് ഫ്രഞ്ച് അധികൃതര്‍ക്ക് വിവരം കൈമാറി. മൊഫിദെയുടെ 20 വര്‍ഷം മുമ്പുള്ള ഒരു ഫോട്ടോ മാത്രമാണ് ഫ്രഞ്ച് അധികൃതരുടെ പക്കലുണ്ടായിരുന്നത്. ലഭ്യമായ എല്ലാ വിവരങ്ങളും വിഡിയോകളും ഫോട്ടോകളും നിര്‍മിത ബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ വിശകലനം ചെയ്താണ് പിടിയിലായത് മൊഫിദെ തന്നെയാണ് സ്ഥിരീകരിച്ചതെന്ന് ദുബയ് പോലീസ് ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു.

Tags:    

Similar News