ടിപ്പറില്‍ നിന്നും കല്ല് തെറിച്ച് വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും: അദാനി ഗ്രൂപ്പ്

Update: 2024-03-25 05:47 GMT
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ടിപ്പറില്‍ നിന്നും കല്ല് തെറിച്ച് വീണതിനെ തുടര്‍ന്ന് മരിച്ച ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി അനന്തുവിന്റെ (27) കുടുംബത്തിന് നഷ്ട പരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്. നിംസിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്ന അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി ഒരു കോടി രൂപയാണ് നല്‍കുക. അനന്തുവിന്റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. എം. വിന്‍സെന്റ് എംഎല്‍എയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

പാറക്കല്ല് തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അനന്തുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തിന് പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികള്‍ തുറമുഖ കവാടം ഉപരോധിച്ചിരുന്നു. അനന്തുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി വേണ്ട തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചിരുന്നു.

അതേസമയം, തുറമുഖത്തേക്കുള്ള പാറക്കല്ലുകള്‍ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേ അധ്യാപിക സന്ധ്യാ റാണിക്കും നഷ്ട പരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. സന്ധ്യാ റാണിക്ക് എത്ര രൂപ നല്‍കണം എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. രണ്ടു ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.






Tags: