''കോടതി നടപടികള്‍ പ്രാദേശികഭാഷയിലേക്ക് മാറേണ്ട സമയം''; നിലപാട് പ്രഖ്യാപിച്ച് സുപിംകോടതി ചീഫ് ജസ്റ്റിസ്

Update: 2022-04-30 09:19 GMT

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന കോടതികള്‍ പ്രാദേശകഭാഷയിലേക്ക് മാറേണ്ട സമയമാണ് ഇതെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഹിന്ദി ഔദ്യോഗിക ഭാഷയാണോ ദേശീയഭാഷയാണോ എന്ന വിവാദം കൊടുമ്പിരികൊള്ളുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് സുപ്രധാനമായ ഒരു വിഷയത്തില്‍ നിലപാട് പ്രഖ്യാപിക്കുന്നത്.

ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരുടെയും മുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുത്തുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ ഭാഷാപരാമര്‍ശം. നിയമവും ഭരണഘടനയും പ്രവര്‍ത്തിക്കേണ്ടത് ഒരാളുടെ ധൈഷണികശക്തിയിലും നിയമാവബോധത്തിലും ആയിരിക്കണമെന്നും അല്ലാതെ ഭാഷയിലുള്ള കഴിവിലൂടെയാവരുതെന്നും അദ്ദേഹം പറഞ്ഞു.

നീതിന്യായവ്യവസ്ഥ മാത്രമല്ല, നമ്മുടെ നാട്ടിലെ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കേണ്ടത് സാമൂഹിക, ഭൂമിശാസ്ത്ര വൈവിധ്യങ്ങളുടെ കണ്ണാടികളായി വേണം. പ്രാദേശിക ഭാഷയില്‍ നിയമനടപടികള്‍ വേണമെന്നാവശ്യപ്പെടുന്ന നിരവധി അപേക്ഷകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

''ഇത് ആ ആവശ്യങ്ങള്‍ പരിഗണിക്കേണ്ട സമയമാണ്. അത് പരിഹരിക്കപ്പെടണം. ഭരണഘടനാ കോടതികളില്‍ ഒരാളുടെ ബുദ്ധിശക്തിയും നിയമപരമായ അവബോധവുമായിരിക്കണം പരിശോധിക്കപ്പെടേണ്ടത്. അല്ലാതെ ഭാഷയിലുള്ള കേവലമായ സ്വാധീനമല്ല''- ചീഫ് ജസ്റ്റിസ് പറഞ്ഞു.

നീതി ലഭ്യമാക്കുകയെന്നത് കോടതിയില്‍ നമ്മെ പ്രതിനിധീകരിക്കാന്‍ ഒരു അഭിഭാഷകനെ ലഭിക്കുകയെന്നതല്ല. പൗരന്മാര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന ഏറ്റവും വലിയ രാജ്യമാണ് നമ്മുടേതെന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നീതിന്യായവ്യവസ്ഥയുടെ ഇന്ത്യാവല്‍ക്കരണത്തിന്റെ വക്താവാണ് താനെന്നും അദ്ദേഹം സൂചിപ്പിച്ചു. 'ഇന്ത്യാവല്‍ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്, ഇന്ത്യന്‍ ജനസംഖ്യയുടെ ആവശ്യങ്ങള്‍ക്കും സംവേദനക്ഷമതയ്ക്കും അനുയോജ്യമായ രീതിയില്‍ സംവിധാനത്തെ രൂപപ്പെടുത്തുകയെന്നാണ്.