ടൂറിസം മേഖലയ്ക്ക് പ്രത്യേക സഹായ പദ്ധതി; മന്ത്രി കടകംപളളി സുരേന്ദ്രന്‍

Update: 2020-09-13 04:03 GMT

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വേളി ടൂറിസം വില്ലേജിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക പദ്ധതിയുടെ ഭാഗമായി തൊഴില്‍ നഷ്ടമായ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളായ 328 പേര്‍ക്ക് ഒറ്റത്തവണ സഹായമായി 10,000 രൂപ വീതം നല്‍കും. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഹൗസ്‌ബോട്ടുകള്‍ക്ക് ഒറ്റത്തവണ മെയിന്റനന്‍സ് ഗ്രാന്റായി മുറികളുടെ എണ്ണം അടിസ്ഥാനമാക്കി 80000, 100000, 120000 എന്നിങ്ങനെ നല്‍കും. ഇതിനായി നവംബര്‍ 30 നകം അപേക്ഷിക്കണം.

' ഹോം സ്റ്റേകള്‍ക്ക് നേരത്തെ നിശ്ചയിച്ചിരുന്ന കമേഴ്‌സല്‍ വിഭാഗത്തില്‍ നിന്ന് റസിഡന്‍ഷ്യല്‍ വിഭാഗത്തിലേക്ക് മാറ്റുക വഴി കെട്ടിട നികുതി ഇളവ് ഉറപ്പാക്കും. 1000 ഓളം സംരംഭകര്‍ക്ക് നേട്ടം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി 3.60 കോടി രൂപ ചെലവഴിച്ചുള്ള ടൂറിസം ഫെസിലിറ്റി സെന്റര്‍, 9.98 കോടി രൂപയുടെ കണ്‍വന്‍ഷന്‍ സെന്റര്‍, അനുബന്ധ സൗകര്യവികസനത്തിനായി 7.85 കോടിയുടെ പദ്ധതി എന്നിവയും നടപ്പിലാക്കുകയാണ്. 9.50 കോടി രൂപ ചെലവില്‍ പ്രധാന പാര്‍ക്കിനോടു ചേര്‍ന്ന് ആര്‍ട്ട് കഫെ സ്ഥാപിക്കും. ഡിജിറ്റല്‍ മ്യൂസിയം ഉള്‍പ്പെടയുള്ള സൗകര്യങ്ങളാണ് ഇതോടൊപ്പം ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു.




Tags: