''യൂദാസ് ക്രിസ്തുവിനെ സ്വര്‍ണനാണങ്ങള്‍ക്കു വേണ്ടി ഒറ്റിയപോലെ'': പിണറായി സര്‍ക്കാരിനെതിരേ പ്രധാനമന്ത്രി

Update: 2021-03-30 07:53 GMT

പാലക്കാട്: യൂദാസ് സ്വര്‍ണനാണയങ്ങള്‍ക്കു വേണ്ടി ഒറ്റിയതുപോലെ പിണറായി വിജയന്‍ സര്‍ക്കാര്‍ കേരളത്തെ ഒറ്റിക്കൊടുത്തുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെട്രോ മാന്‍ ഇ ശ്രീധരനുവേണ്ടി പാലക്കാട് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി പിണറായി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിയാണ് നടത്തുന്നതെന്നും അത് കേരള രാഷ്ട്രീയത്തിലെ ഏറ്റവും വൃത്തികെട്ട രഹസ്യമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ രഹസ്യക്കരാറുണ്ടെന്നും ഇതാദ്യമായാണ് കേരളത്തിലെ ജനങ്ങള്‍ എന്താണ് കരാറെന്ന് ആരായുന്നതെന്നും മോദി ചോദിച്ചു. അഞ്ച് വര്‍ഷം ഒരാള്‍ മോഷ്ടിക്കുന്നു. അടുത്ത അഞ്ച് വര്‍ഷം അടുത്തയാള്‍ ഇതുതന്നെയാണ് കരാറ്. പ്രധാനമന്ത്രി പരിഹസിച്ചു.

രണ്ട് കൂട്ടര്‍ക്കും പണം ലഭിക്കാന്‍ അവരുടെ പ്രദേശങ്ങളുണ്ട്. യുഡിഎഫ് സൂര്യരശ്മികളെപ്പോലും വെറുതേ വിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് നിയോജകണ്ഡലത്തില്‍ ഇ ശ്രീധരനാണ് ബിജെപിയ്ക്കുവേണ്ടി ജനവിധി തേടുന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും 88 വയസ്സുള്ള ശ്രീധരന്‍ തന്നെയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.

മെട്രോമാന്‍ ഇ ശ്രീധരന്‍ രാജ്യത്തെ പ്രദേശങ്ങളെ തമ്മില്‍ ആധുനികമായ രീതിയില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചയാളാണന്നും അതില്‍ വിജയിച്ചയാളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം കേരളത്തിന്റെ സന്തതിയാണ്. അധികാരത്തിനപ്പുറത്തേക്ക് നോക്കിയ ആളാണ്. കേരളത്തോടുളള പ്രതിബന്ധതയില്‍ അദ്ദേഹം ഉറച്ചുനിന്നു- പ്രധാനമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വര്‍ണക്കടത്ത്് കേസില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. യൂദാസ് ക്രിസ്തുവിനെ കുറച്ച് വെള്ളിക്കാശിനു വേണ്ടി ഒറ്റിക്കൊടുത്തു. അതുപോലെ എല്‍ഡിഎഫ് കേരളത്തെ കുറച്ചു സ്വര്‍ണത്തിനു വേണ്ടി ഒറ്റുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Similar News