രാമന്തളിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന നക്ഷത്ര ആമയുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
ഗുജറാത്ത് സ്വദേശിനി ബെക്സി ബിനോയി (19), രാമന്തളി സ്വദേശി മുഹമ്മദ് മുജീബ് (20) പുതിയങ്ങാടി സ്വദേശികളായ ഇ ഷിബുലി (20), വി വി സാദിഖ് (19), എന്നിവരാണ് പിടിയിലായത്.
പയ്യന്നൂര്‍: രാമന്തളിയില്‍ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള നക്ഷത്ര ആമയുമായി യുവതി ഉള്‍പ്പെടെ നാലു പേര് പിടിയില്‍. ഗുജറാത്ത് സ്വദേശിനി ബെക്സി ബിനോയി (19), രാമന്തളി സ്വദേശി മുഹമ്മദ് മുജീബ് (20) പുതിയങ്ങാടി സ്വദേശികളായ ഇ ഷിബുലി (20), വി വി സാദിഖ് (19), എന്നിവരാണ് പിടിയിലായത്.
രാമന്തളി കണ്ണങ്ങാട്ടിന് സമീപത്തെ വീട്ടില്‍ നിന്നാണ് നാലു പേരെയും പോലിസ് പിടികൂടിയത്. അടച്ചിട്ട വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും നടത്തിയ പരിശോധനയിലാണ് നാലു പേരും പിടിയിലായത്.തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ നക്ഷത്ര ആമയെ കണ്ടെത്തുകയായിരുന്നു. വിദേശ വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആമയെയാണ് ഇവരില്‍ നിന്നും കണ്ടെത്തിയതെന്ന് പോലിസ് പറഞ്ഞു.
ആമയെ വനം വകുപ്പിന് കൈമാറും. 27 സെന്റിമീറ്റര്‍ നീളവും 23 സെന്റിമീറ്റര്‍ വീതിയുമുള്ളതാണ് ആമ. പിടികൂടിയ നാലംഗ സംഘത്തെ പോലീസ് ചോദ്യംചെയ്തു വരികയാണ്.