''പിതാവിന്റെ ജീവന്‍ രക്ഷിക്കണം''; 34 വര്‍ഷമായി ജയില്‍വാസമനുഷ്ഠിക്കുന്ന കശ്മീരി നേതാവ് ഷബീര്‍ ഷായുടെ മോചനമാവശ്യപ്പെട്ട് മകള്‍

Update: 2021-12-22 09:15 GMT

ശ്രീനഗര്‍: 34 വര്‍ഷമായി തടവില്‍ കഴിയുന്ന കശ്മീരി നേതാവിന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മകളുടെ ഹൃദയസ്പര്‍ശമായ കത്ത്. ജയില്‍ വാസമനുഷ്ഠിക്കുന്ന ജമ്മു കശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടിയുടെ നേതാവ് ഷബീര്‍ ഷായെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മകള്‍ സെഹര്‍ ഷായാണ് രംഗത്തുവന്നിരിക്കുന്നത്. 1968 മുതല്‍ പല തവണയായി അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നു. പക്ഷേ, ഒരു കേസില്‍ പോലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല. മനസ്സാക്ഷിയുടെ തടവുകാരനെന്നാണ് അദ്ദേഹത്തെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിശേഷിപ്പിച്ചത്.

''എന്റെ പേര് സെഹര്‍ ഷബീര്‍ ഷാ, എനിക്ക് 19 വയസ്സ്. കാശ്മീരികളുടെ സ്വയം നിര്‍ണയാവകാശം ആവശ്യപ്പെട്ട് 34 വര്‍ഷം ഇന്ത്യന്‍ ജയിലുകളില്‍ ശിക്ഷയനുഭവിച്ചുവരുന്ന കശ്മീരി 'നെല്‍സണ്‍ മണ്ടേല' ഷബീര്‍ ഷായുടെ മകളാണ് ഞാന്‍. ഇത്ര വര്‍ഷമായിട്ടും ഒരു ഇന്ത്യന്‍ കോടതിയും അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗം, ഞാന്‍ എന്റെ പിതാവിനെ ജയിലിലാണ് കണ്ടുമുട്ടിയത്. ചില്ലു ജനലിലൂടെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടത്. മുഖം കാണാന്‍ പറ്റാത്തത്ര ചെറുതാണ്. അദ്ദേഹമൊരു നിഴല്‍പോലെയാണ്. എനിക്ക് അദ്ദേഹത്തെ തൊടാനോ വ്യക്തമായി കാണാനോ കഴിഞ്ഞില്ല. പകരം, ഞാന്‍ ഗ്ലാസ് ജനാലയില്‍ കൈകള്‍വെച്ചു, പിതാവും. ഞങ്ങള്‍ അങ്ങനെയാണ് കൊകോര്‍ക്കുന്നതായി സങ്കല്‍പ്പിക്കുന്നത്. ഇപ്പോള്‍ അദ്ദേഹം ഒരു അസ്ഥിക്കൂടം പോലെയായി- 19കാരിയായ സെഹര്‍ ഷാ പറഞ്ഞു. 

അദ്ദേഹത്തെ ഒരിക്കലും മോചിപ്പിക്കില്ലെന്ന് ജയിലധികൃതര്‍ പറയുമായിരുന്നു. അവര്‍ മിക്കവാറും പിതാവിനെ മാത്രമല്ല, മകള്‍ സെഹര്‍ഷായെയും ഭീകരവാദിയെന്ന മട്ടിലാണ് കൈകാര്യം ചെയ്തത്. വായില്‍ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്നറിയാന്‍ ചുണ്ടും വായും അവര്‍ കഠിനമായി പരിശോധിക്കുമായിരുന്നു.

2019ല്‍ ഒരു കവിത അദ്ദേഹത്തിന് വേണ്ടി സെഹര്‍ ഷാ എഴുതി. പക്ഷേ, അത് ജയിലിലെത്തിക്കാന്‍ ജയിലധികൃതര്‍ അതനുവദിച്ചില്ലെന്നുമാത്രമല്ല, കവിതയുടെ പേരില്‍ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

2021 ഒക്ടോബറില്‍ അദ്ദേഹത്തെ കാണുമ്പോള്‍ അദ്ദേഹം വളരെ അവശനാണ്. ഹൃദയപ്രശ്‌നമുണ്ട്, ബയോപ്‌സിയും വേണ്ടിവരും. അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപോര്‍ട്ടുകള്‍ കൈമാറാന്‍ അധികൃതര്‍ ഇപ്പോഴും തയ്യാറല്ല. പല തവണ ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് പല അന്താരാഷ്ട്ര സംഘടനകളും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒന്നും നടന്നില്ല.

അദ്ദേഹത്തിന് ചികില്‍സ നല്‍കണമെന്നും കോടതി നടപടികള്‍ സുതാര്യമായിരിക്കണമെന്നും ചികില്‍സാ റിപോര്‍ട്ടുകള്‍ ലഭ്യമാക്കണമെന്നും ഡോക്ടറെ കണ്ട് സ്വന്തം ചെലവില്‍ ചികില്‍സ തേടാന്‍ അനുമതി നല്‍കണമെന്നും കുടുംബവുമായി ഒന്നിക്കാനുള്ള അവസരം നല്‍കണമെന്നുമുള്ള ചെറിയ ആവശ്യങ്ങളാണ് ഇനി അവശേഷിക്കുന്നത്- മകള്‍ പറയുന്നു.

Tags:    

Similar News