''കര്‍ഷകര്‍ മരിച്ചത് എനിക്കുവേണ്ടിയാണോ?'; കര്‍ഷക സമരകാലത്ത് മരിച്ച കര്‍ഷകരെക്കുറിച്ച് നരേന്ദ്ര മോദി അരിശത്തോടെ സംസാരിച്ചെന്ന് മേഘാലയ ഗവര്‍ണര്‍
ന്യൂഡല്‍ഹി: കര്‍ഷക സരത്തില്‍ മരിച്ച കര്‍ഷകരെക്കുറിച്ച് അരിശത്തോടെയും അനുതാപമില്ലാതെയും പ്രധാനമന്ത്രി സംസാരിച്ചുവെന്ന് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ സിങ് മാലിക്. സംസാരം തുടങ്ങി മിനിട്ടുകള്‍ക്കകം പ്രധാനമന്ത്രി പ്രകോപിതനായെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹരിയാനയിലെ ദാദ്രിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഗവര്‍ണര്‍ സത്യപാല്‍ സിങ് മാലിക് തന്റെ അനുഭവം പങ്കുവച്ചത്.
''അദ്ദേഹം വളരെ ക്രൂദ്ധനായിരുന്നു. 500 കര്‍ഷകര്‍ മരിച്ചെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എനിക്കുവേണ്ടിയാണോ അവര്‍ മരിച്ചതെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു''- മാലിക് പറഞ്ഞു.
''ഞാന്‍ പറഞ്ഞു, ശരിയാണ് നിങ്ങള്‍ കാരണമാണ്, നിങ്ങളാണ് രാജാവ്. എന്തായാലും അദ്ദേഹവുമായ തര്‍ക്കത്തിലാണ് കൂടിക്കാഴ്ച അവസാനിച്ചത്. അമിത് ഷായെ കാണാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഞാന്‍ ചെയ്തു''-ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു പട്ടി ചത്തുപോയാല്‍ പോലും അനുശോചന സന്ദേശമയക്കുന്നയാളാണ് പ്രധാനമന്ത്രിയെന്ന് ഗവര്‍ണര്‍ പരിഹസിച്ചു.
കര്‍ഷക സമരത്തില്‍ ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നിലപാടുകള്‍ മാലിക് ചോദ്യം ചെയ്തു. ഗവര്‍ണര്‍ പദവിയില്‍ നിന്ന് താഴെയിറങ്ങാന്‍ പറഞ്ഞാലും താന്‍ ഭയപ്പെടില്ലെന്ന് ഗവര്‍ണര്‍ ആവര്‍ത്തിച്ചു. മേഘാലയിലെത്തുംമുമ്പ് അദ്ദേഹം ജമ്മു കശ്മീരിലും ഗോവയിലും ഗവര്‍ണറായിരുന്നു.
നവംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ചത്. 2020 നവംബര്‍ 26നാണ് കര്‍ഷകര്‍ സമരം തുടങ്ങിയത്.
മിനിമം താങ്ങുവില സംവിധാനം കൂടുതല്‍ സുതാര്യവും ഫലപ്രദവുമാക്കാന്‍ സംസ്ഥാന, കേന്ദ്ര പ്രതിനിധികള്‍, കര്‍ഷകര്‍, വിദഗ്ധര്‍ എന്നിവരുടെ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.
കാര്‍ഷിക നിയമ പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്താനുള്ള നിയമം പാസ്സാക്കണമെന്നും മാലിക് ആവശ്യപ്പെട്ടു.
''സമരം അവസാനിച്ചെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് അങ്ങനെയല്ല. താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുക മാത്രമാണ് ചെയ്തത്. അനീതിയോ കര്‍ഷകരോട് എന്തെങ്കിലും അതിക്രമമോ ഉണ്ടായാല്‍ സമരം വീണ്ടും തുടങ്ങും''- അദ്ദേഹം സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.
കാര്‍ഷിക നിയമം ഉചിതമായ സമയത്ത് തിരികെക്കൊണ്ടുവരുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തൊമര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

