കെട്ടിട സൗകര്യവും കേസുകളും ഉണ്ട്; തീര്‍പ്പ് കല്‍പ്പിക്കാന്‍ മഞ്ചേരിയിലെത്തണം

കോടതിക്ക് കെട്ടിടസൗകര്യം ഉണ്ടെങ്കിലും കേസ് തീര്‍പ്പാക്കാന്‍ മറ്റു കോടതികളെ സമീപികേണ്ട ഗതികേടാണ് ജില്ലയിലുള്ളവര്‍. കേസുകള്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ താണ്ടി മഞ്ചേരിയിലെത്തണം.

Update: 2019-12-19 05:00 GMT

പെരിന്തല്‍മണ്ണ: ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ക്രിമിനല്‍ കേസുകളില്‍ ഭൂരിഭാഗവും നടക്കുന്ന പെരിന്തല്‍മണ്ണയില്‍ പുതിയ കോടതികള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. കോടതിക്ക് കെട്ടിടസൗകര്യം ഉണ്ടെങ്കിലും കേസ് തീര്‍പ്പാക്കാന്‍ മറ്റു കോടതികളെ സമീപികേണ്ട ഗതികേടാണ് ജില്ലയിലുള്ളവര്‍. കേസുകള്‍ തീര്‍പ്പാക്കാന്‍ ഇപ്പോള്‍ കിലോമീറ്ററുകള്‍ താണ്ടി മഞ്ചേരിയിലെത്തണം.

1880 കളില്‍ പെരിന്തല്‍മണ്ണ ആസ്ഥാനമായി നിലവില്‍വന്ന വള്ളുവനാട് ജില്ലാ കോടതിയാണ് പിന്നീട് പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേട് കോടതിയായി മാറിയത്. ഇന്നത്തെ പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, അഗളി, നിലമ്പൂര്‍ താലൂക്കുകള്‍ ഉള്‍പ്പെട്ടതായിരുന്നു പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിയുടെ പരിധി. പിന്നീട് 60 കൊല്ലം മുമ്പാണ് പെരിന്തല്‍മണ്ണയില്‍ മറ്റൊരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി സ്ഥാപിച്ചത്. എന്നാല്‍ 1970ല്‍ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേട് കോടതി സ്ഥാപിച്ചതോടെ മണ്ണാര്‍ക്കാട്, അഗളി താലൂക്ക് ഉള്‍പ്പെട്ട പ്രദേശം മണ്ണാര്‍ക്കാട് കോടതിയിലേക്കും നിലമ്പൂര്‍ താലൂക്ക് ഉള്‍പ്പെട്ട പ്രദേശം നിലമ്പൂര്‍, മഞ്ചേരി കോടതിയിലേക്കും മാറിപ്പോയി.

ഇതിനുശേഷം കഴിഞ്ഞ 60വര്‍ഷത്തിലധികമായി പെരിന്തല്‍മണ്ണയില്‍ പുതിയ കോടതികള്‍ അനുവദിച്ചിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം 700ല്‍ പരം പോക്‌സോ കേസുകള്‍ വിചാരണയില്‍ ഇരിക്കുന്ന ജില്ലയില്‍ ഒരു സ്ഥിരം പോക്‌സോ കോടതിയും രണ്ടു അഡ്‌ഹോക് കോടതിയും സ്ഥാപിക്കണം. നിലവില്‍ മഞ്ചേരി പോക്‌സോ കോടതിയില്‍ 700ല്‍ പരം കേസുകള്‍ വിചാരണയിലുണ്ട്. അതില്‍ സിംഹഭാഗവും പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ പരിധിയില്‍പ്പെട്ട കേസുകളാണ്.

ഈ സാഹചര്യത്തില്‍ ജില്ലക്ക് അനുവദിക്കുന്ന പുതിയ സ്ഥിരം പോക്‌സോ കോടതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം പെരിന്തല്‍മണ്ണ കോടതി സമുച്ചയമാണെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പെരിന്തല്‍മണ്ണ കോടതി സമുച്ചയത്തില്‍ നാല് കോടതികള്‍ കൂടി പ്രവര്‍ത്തിക്കാനുള്ള സൗകര്യവുമുണ്ട്. പെരിന്തല്‍മണ്ണയില്‍ ഒരു മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബുണല്‍ സ്ഥാപിക്കാനും ഹൈക്കോടതിക്ക് ഉദ്ദേശ്യമുണ്ട്. ഇതിനും സംസ്ഥാന സര്‍ക്കാര്‍ കനിയണം.