അറബിക് ഭാഷാധ്യാപക പരീക്ഷയില്‍ കൂട്ടത്തോല്‍വി; ഉദ്യോഗാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്

പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ പലരും പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി തോല്‍പ്പിച്ചതായും ആക്ഷേപമുണ്ട്.

Update: 2019-12-30 13:23 GMT

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അറബിക് ഭാഷാധ്യാപക പരീക്ഷയുടെ ഫലത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി ആക്ഷേപം. പ്രൈമറി വിദ്യാലയങ്ങളിലേക്ക് പരീക്ഷാ ഭവന്‍ നേരിട്ട് നടത്തിയ അറബിക് ഭാഷാധ്യാപക പരീക്ഷയുടെ ഭാഗമായി 2019 മെയ് 16 മുതല്‍ 27വരെ നടത്തിയ പരീക്ഷയുടെ ഫലത്തിലാണ് ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി ആക്ഷേപമുള്ളത്. ഉറുദു, സംസ്‌കൃതം വിഷയങ്ങളെ അപേക്ഷിച്ച് പരീക്ഷയെഴുതിയവരില്‍ 94 ശതമാനം പേരും പരാജയപ്പെട്ടതോടെയാണ് മൂല്യനിര്‍ണയത്തിനെതിരെയും വ്യാപക പരാതികളുയരുന്നത്.

പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ പലരും പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടി തോല്‍പ്പിച്ചതായും ആക്ഷേപമുണ്ട്. പ്രൈമറി അധ്യാപക നിയമനത്തിന് ഡിഎല്‍എഡ് അടിസ്ഥാന യോഗ്യതയാക്കി പരിഷ്‌കരിക്കാനിരിക്കെ പരീക്ഷയെഴുതിയവരില്‍ കൂടുതല്‍ പേരെയും പരാജയപ്പെടുത്തിയതായും ആരോപണമുയരുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം വരെ നടപ്പിലാക്കിയ മോഡറേഷന്‍ സംവിധാനം എടുത്തുകളഞ്ഞതായും പരാജയപ്പെട്ട വിഷയം വീണ്ടും എഴുതി വിജയിക്കാനുള്ള അവസരം ഇപ്രാവശ്യം നിര്‍ത്തലാക്കിയതായുമാണ് ബന്ധപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതോടെ മറ്റു വിഷയങ്ങളില്ലെല്ലാം ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും ഒന്നോ രണ്ടോ മാര്‍ക്കിന്റെ വ്യത്യാസത്തില്‍ മാത്രം അധ്യാപക യോഗ്യത നേടാനാകാതെ പോയ നിരവധി ഉദ്യോഗാര്‍ഥികളാണ് ആശങ്കയിലായിരിക്കുന്നത്.

182658 എന്ന രജിസ്റ്റര്‍ നമ്പറില്‍ പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥിക്ക് ആകെ 408 മാര്‍ക്ക് കിട്ടിയിട്ടും ഒരു വിഷയത്തില്‍ രണ്ടു മാര്‍ക്ക് അകലെ അധ്യാപക യോഗ്യത നഷ്ടമായതുള്‍പ്പെടെ ഇത്തരത്തില്‍ നിരവധി പേരുണ്ട്. കഴിഞ്ഞ വര്‍ഷം മോഡറേഷന്‍ അനുവദിച്ചിരുന്നതിനാല്‍ ഒന്നോ രണ്ടോ മാര്‍ക്കുകള്‍ കുറവുള്ളവരെയൊക്കെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്രാവശ്യം മോഡറേഷന്‍ ഒഴിവാക്കിയതോടെ ആകെ നാനൂറിലേറെ മാര്‍ക്ക് നേടിയ പലരും പരാജയപ്പെടുകയും കഷ്ടിച്ച് എല്ലാ വിഷയത്തിലും വിജയിച്ചവര്‍ യോഗ്യത നേടുകയും ചെയ്ത അവസ്ഥയുമുണ്ട്.

ഡിഎല്‍എഡ് കോഴ്‌സ് നിര്‍ബന്ധമാക്കാനിരിക്കെ എസ്‌സിഇആര്‍ടി. നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടും നിലവിലുള്ള പരീക്ഷ ഈ വര്‍ഷം കൂടി തുടരാന്‍ തീരുമാനമെടുത്താണ് നേരത്തെ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ നടത്തിപ്പുമായി മുന്നോട്ടുപോയത്. ഇതനുസരിച്ച് ആറു വിഷയങ്ങളിലായി പരീക്ഷയും ഒരു മാസത്തെ അധ്യാപക അധ്യാപക പരിശീലനവും പൂര്‍ത്തിയാക്കിയ മൂവായിരത്തോളം വിദ്യാര്‍ഥികളാണുള്ളത്. ഇവരില്‍ ഇരുനൂറോളം പേര്‍ക്ക് മാത്രമാണ് മോഡറേഷന്‍ പോലുമില്ലാതെ നടത്തിയ മൂല്യനിര്‍ണയത്തില്‍ വിജയിക്കാനായിട്ടുള്ളത്. ഒരു വര്‍ഷത്തോളം കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതിയിട്ടും ഫലത്തില്‍ പുനര്‍ മൂല്യനിര്‍ണയത്തിന് പോലും അവസരമില്ലാത്തതാണ് ഉദ്യോഗാര്‍ഥികളെ വിഷമത്തിലാക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാര്‍ഥികള്‍.