''ദീദിയില്ലാതെ ജീവിക്കാനാവില്ല''; പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയിലേക്ക് കൂറുമാറിയ മുന്‍ തൃണമൂല്‍ എംഎല്‍എ

Update: 2021-05-23 02:45 GMT

കൊല്‍ക്കത്ത: തന്നെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ തൃണമൂല്‍ എംഎല്‍എയും തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപിയിലേക്ക് കൂറുമാറുകയും ചെയ്ത സോണാലി ഗുഹ തൃണമൂല്‍ മേധാവി മമതാ ബാനര്‍ജിക്ക് കത്തെഴുതി. പാര്‍ട്ടി വിട്ടുപോയതില്‍ താന്‍ ഖേദിക്കുന്നുവെന്നും മാപ്പാക്കണമെന്നും മമതാ ബാനല്‍ജിക്കെഴുതിയ കത്തില്‍ സോണാലി ഗുഹ അഭ്യര്‍ത്ഥിച്ചു.

സോണാലി ഗുഹ തന്നെയാണ് ട്വിറ്റര്‍ വഴി കത്ത് പുറത്തുവിട്ടത്. തികച്ചും വൈകാരികമായ ഒരു സമയത്താണ് താന്‍ പാര്‍ട്ടിവിട്ടതെന്നും ഹൃദയം തകര്‍ന്ന ഒരു സമയത്താണ് ഇത്തരമൊരു കത്ത് എഴുതുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു.

വെളളമില്ലാതെ മല്‍സ്യങ്ങള്‍ക്ക് ജീവിക്കാനാവത്ത പോലെ ദീദിയില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നും തന്റെ തെറ്റുകള്‍ക്ക് മാപ്പുതരണമെന്നും പാര്‍ട്ടിയിലേക്ക് തിരികെയെടുത്ത് ദീദിയുടെ സ്‌നേഹത്തിന്റെയും കരുതലിന്റെ ബലത്തില്‍ ഇനിയുളള ജീവിതം കഴിച്ചുകൂട്ടണമെന്നുമാണ് സോണാലി കത്തില്‍ പറയുന്നത്.

നാല് തവണ എംഎല്‍എയായ സോണാലി ഗുഹ മമതാ ബാനര്‍ജിയുടെ നിഴലെന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവാണ്. തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ട പ്രമുഖരിലൊരാളായിരുന്നു സോണാലി.

തൃണമൂല്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇടം ലഭിക്കാത്തതിനെത്തുടര്‍ന്ന് ചാനല്‍ കാമറയ്ക്കു മുന്നില്‍ പൊട്ടിത്തെറിച്ചാണ് സോണാലി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപിയില്‍ താന്‍ അനാവശ്യമായിത്തോന്നിയെന്ന് അവര്‍ പറയുന്നു.

ബിജെപിയില്‍ ചേര്‍ന്ന നടപടി തെറ്റായിപ്പോയെന്നാണ് കരുതുന്നത്. അവര്‍ എന്നെ ഉപയോഗിക്കുകയായിരുന്നു, മമതയെ കുറിച്ച് മോശം കാര്യങ്ങള്‍ പറയാന്‍ അവര്‍ നിര്‍ദേശിച്ചു, അതെനിക്കാവില്ല- സോണാലി പറഞ്ഞു.

സോണാലി മുന്‍ ബംഗാള്‍ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.

സോണാലിയുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തിട്ടില്ലെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.