ചെറുബാല്യത്തിന്റെ കരുതല്‍: പതിനൊന്നുകാരി കൊവിഡ് ദുരിതാശ്വാസത്തിന് ശേഖരിച്ചത് 9.4 ലക്ഷം

Update: 2020-04-16 04:26 GMT

ഹൈദരാബാദ്: ഹൈദരാബാദിലെ റിധിയെന്ന 11 വയസ്സുകാരിക്ക് ലോക്ക് ഡൗണ്‍  ആദ്യം സ്വന്തം ജീവിതം എങ്ങനെയാവുമോ എന്ന ഭീതിയിലാണ് തുടങ്ങിയത്. ഏറെ താമസിയാതെ ദുരിതങ്ങളുടെ ആയിരം കഥകള്‍ ന്യൂസ് ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞപ്പോള്‍ അത് സഹജീവികളോടെ കരുതലായി വളര്‍ന്നു. അവര്‍ക്കു വേണ്ടി എന്തുചെയ്യാമെന്നായിരുന്നു അവളുടെ ആദ്യ ചിന്ത. സ്വന്തം കൈയിലെ പോക്കറ്റ്മണി അവള്‍ ആദ്യം പൊട്ടിച്ചു. അതുപയോഗിച്ച് കുറച്ച് വസ്തുക്കള്‍ വാങ്ങി. ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കി.

''ആദ്യം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അവള്‍ തനിക്ക് ആവശ്യമുള്ളതൊന്നും ലഭിക്കില്ലല്ലോ എന്ന വിഷമത്തിലായിരുന്നു. പിന്നീട് ധാരാളം വാര്‍ത്തകള്‍ കണ്ടപ്പോള്‍ പാവപ്പെട്ടവര്‍ അനുഭവിക്കുന്ന വിഷമങ്ങളെക്കുറിച്ചായി ആധി. ഒടുവില്‍ അവര്‍ക്ക് വേണ്ടി അവശ്യവസ്തുക്കളുടെ കിറ്റുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി'' ആറാം ക്ലാസുകാരിയായ റിധിയുടെ അമ്മ ശില്പ പറയുന്നു.

ആദ്യം അവള്‍ 200 കിറ്റുകളാണ് വിതരണം ചെയ്തത്. അത് മതിയാവില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. അവള്‍ തന്റെ സുഹൃത്തുക്കളെ സമീപിച്ചു. പിന്നെ അയല്‍ക്കാര്‍, ബന്ധുക്കള്‍ മില്‍ആപ് എന്ന ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്‌ഫോം വഴി ഹൃദയാലുക്കളായവരെയും സമീപിച്ചു. പണം ധാരാളം വന്നു. നിലവില്‍ തിട്ടപ്പെടുത്തിയപ്പോള്‍ അത് 9.4 ലക്ഷം രൂപ എത്തിയിട്ടുണ്ട്.

ഏപ്രില്‍ 2 വരെ അവള്‍ സൈബറാബാദ് പോലിസിന്റെ സഹായത്തോടെ 725 കിറ്റുകള്‍ വിതരണം ചെയ്തുകഴിഞ്ഞു. ഒരു കിറ്റില്‍ 5 കിലോ അരി, 1 കിലോ പരിപ്പ്, 1 കിലോ ഉപ്പ്, ഒരു പാക്കറ്റ് മുളക് പൊടി, ഒരു പാക്കറ്റ് മഞ്ഞള്‍ പൊടി, 1 കിലോ പാചകഎണ്ണ, 2 സോപ്പ്കട്ട എന്നിവയാണ് ഉള്‍പ്പെടുന്നത്. വരും ദിവസങ്ങളില്‍ 1000 കിറ്റുകള്‍ കൂടെ വിതരണം ചെയ്യാനാണ് അവളുടെ ശ്രമം.