രേഖകളില്ലാതെ കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പിടിയില്‍

Update: 2022-02-03 02:14 GMT

പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുവന്ന 79,50,000 രൂപയുമായി യുവാവ് പോലിസ് പിടിയില്‍. ആലപ്പുഴ മണ്ണാഞ്ചേരി മുല്ലക്കല്‍ വീട്ടില്‍ അന്‍സിഫ്(30) ആണ് പിടിയിലായത്. ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ ദേശീയപാതയില്‍ പെരിന്തല്‍മണ്ണ മനഴി ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് കാറും പണവുമായി യുവാവിനെ പിടിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെയും എസ്‌ഐ സി കെ നൗഷാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വാഹനവും പണവും പിടികൂടിയത്. അഞ്ഞൂറ് രൂപയുടെ കെട്ടുകളാക്കിയാണ് പണം വെച്ചിരുന്നത്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട് വഴി ആലപ്പുഴയിലേക്ക് പണവുമായി പോവുകയായിരുന്നു അന്‍സിഫ് എന്നാണ് വിവരം. ഇയാളുടെ കാറിന് മുന്നിലെ ചില്ലില്‍ 'ഡോക്ടര്‍' ചിഹ്നവും പതിപ്പിച്ചിരുന്നു. കാര്‍ അന്‍സിഫിന്റേതാണോ, പണത്തിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് പോലിസ് പറഞ്ഞു. പിടിച്ചെടുത്ത പണം പോലീസ് കോടതിയില്‍ നല്‍കും.