തെരുവോരങ്ങളില്‍ നിന്ന് 73 പേരെ പുനരധിവസിപ്പിച്ചു

Update: 2021-05-07 15:06 GMT

കോഴിക്കോട്: കൊവിഡ് 19 വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ തെരുവുകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്ന 73 പേരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിതാമസിപ്പിച്ചു. ഈസ്റ്റ്ഹില്‍ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. പാളയം, പുതിയ ബസ് സ്റ്റാന്‍ഡ്, ലിങ്ക് റോഡ് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ആളുകളെ മാറ്റിപാര്‍പ്പിച്ചത്. ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ പ്രത്യേക താല്‍പ്പര്യത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത് സബ്കലക്ടര്‍ ജി പ്രിയങ്കയ്ക്കാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരിക്കും ചുമതലയുണ്ട്.

വിവിധ വകുപ്പുകളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ മൂന്നുനേരം ഭക്ഷണവും പരിചരണവും ആവശ്യമായ വൈദ്യപരിശോധയും ഇവര്‍ക്ക് നല്‍കും. ജില്ലാ ഭരണകൂടം സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.