ന്യൂഡല്‍ഹി: ഡല്‍ഹി സിആര്‍പിഎഫ് ക്യാംപില്‍ 68 ജവാന്‍മാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലുള്ള 31ാം ബറ്റാലിയനിലെ ജവാന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിച്ചത്. ഇതോടെ ബറ്റാലിയനില്‍ കൊവിഡ് ബാധിച്ച ജവാന്‍മാരുടെ എണ്ണം 122 ആയി. ഇതേ ക്യാംപില്‍ നൂറുപേരുടെ കൂടി പരിശോധനാ ഫലം പുറത്തുവരാനുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം ശ്രദ്ധിക്കുകയും സിആര്‍പിഎഫ് മേധാവിയോട് അണുബാധയുടെ വ്യാപനം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരെ ഡല്‍ഹിയിലെ മണ്ഡാവാലിയിലുള്ള ചികില്‍സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.സിആര്‍പിഎഫിന്റെ പാരാമെഡിക് യൂണിറ്റില്‍ നഴ്സിങ് അസിസ്റ്റന്റായിരുന്ന ജവാനാണ് ബറ്റാലിയനില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 17 മുതല്‍ രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 21നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ഡല്‍ഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഏപ്രില്‍ 24ന് ഒമ്പതു പേര്‍ക്കും 25ന് 15 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 12 ജവാന്മാര്‍ക്കും ബുധനാഴ്ച 45 ജവാന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പടരുന്ന സാഹചര്യത്തില്‍ എല്ലാ ചുമതലയിലുള്ള വാഹനങ്ങളിലും സാനിറ്റൈസര്‍ മെഷിനുകള്‍ സ്ഥാപിക്കുന്നത് എല്ലാ കമ്പനികളും ഉറപ്പാക്കണമെന്ന് സിആര്‍പിഎഫ് വ്യക്തമാക്കി.
