ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 62 കാരന്‍ പിടിയില്‍

Update: 2022-02-28 18:29 GMT

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരനെ പോലിസ് അറസ്റ്റ് ചെയ്തു. സത്രം സ്വദേശി ബാബുവിനെയാണ് നാട്ടുകാര്‍ പോലിസില്‍ ഏല്‍പ്പിച്ചത്. ബസില്‍ വെച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചതിനാല്‍ പ്രതി ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. വണ്ടിപ്പെരിയാറില്‍ നിന്നും സത്രത്തിലേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കം നിരവധി ആളുകളാണ് ഉണ്ടായിരുന്നത്. ഈ സമയം ബസിലുണ്ടായിരുന്ന ബാബു ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ സ്‌കൂള്‍ ബാഗ് വാങ്ങി കയ്യില്‍ വെക്കുകയും ഇറങ്ങുന്ന സമയത്ത് കൊടുക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് വാഹനം നിര്‍ത്തി ബാഗ് കൊടുക്കുന്നതിനിടെ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു.

കുട്ടി ബസിലുണ്ടായിരുന്ന അമ്മയെ വിവരം അറിയിച്ചു. അമ്മയാണ് ബസിലെ യാത്രക്കാരെ വിവരം അറിയിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ ഇയാളെ മര്‍ദ്ദിച്ചു. പിന്നീട് വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കും.