രാജസ്ഥാനില്‍ വിവാഹച്ചടങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം; 60 പേര്‍ക്ക് പരിക്ക്

Update: 2022-12-09 07:13 GMT

ജോധ്പൂര്‍: രാജസ്ഥാനില്‍ ജോധ്പൂരില്‍ വിവാഹച്ചടങ്ങിനിടെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. കുട്ടികളടക്കം 60 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 42 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകുന്നേരം വ്യാഴാഴ്ച ജോധ്പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ഭുന്‍ഗ്ര ഗ്രാമത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജയ്പൂര്‍ മഹാത്മാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 51 പേര്‍ക്ക് 35 മുതല്‍ 60 ശതമാനം വരെയും 11 പേര്‍ക്ക് 80 മുതല്‍ 100 ശതമാനം വരെയും പൊള്ളലേറ്റതായി പോലിസ് അറിയിച്ചു. രത്തന്‍ സിങ് (5), ഖുശ്ബു (4) എന്നിവരാണ് മരണപ്പെട്ട രണ്ട് കുട്ടികളെന്ന് പോലിസ് പറഞ്ഞു.

വിവാഹ വിരുന്ന് ഒരുക്കുന്ന സ്ഥലത്ത് സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറിലുണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വിവാഹ വീടിന്റെ ഒരു ഭാഗവും തകര്‍ന്നു. വരന്റെ ഘോഷയാത്ര പുറപ്പെടുന്നതിന് മുമ്പാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കേന്ദ്രമന്ത്രിയും ജോധ്പൂര്‍ എംപിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്തും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുകയും ചെയ്തു.