ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കന്‍, പരപ്പനങ്ങാടിയില്‍ 5 പേര്‍ പിടിയില്‍
പരപ്പനങ്ങാടി: ഡ്രോണ്‍ ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയില്‍ നടത്തിയ ആകാശ നിരീക്ഷണത്തില്‍, ലോക്ക് ഡൗണ്‍ ലംഘിച്ച് സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയ ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ച് പേര്‍ പിടിയിലായി.
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണത്തിലാണ് ബക്കറ്റ് ചിക്കന്‍ നിര്‍മിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചത്.
തുടര്‍ന്ന് പോലിസ് സംഘം സ്ഥലത്തെത്തി. പോലിസിനെ കണ്ടതും സ്ഥലത്തുണ്ടായിരുന്നവര്‍ ചിതറിയോടി. അഞ്ചു പേരെ പോലിസ് പിടികൂടി. ഇവര്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനത്തിന് കേസ് എടുത്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസ്, എസ് ഐ മാരായ രാജേന്ദ്രന്‍ നായര്‍, മുരളി, പോലീസുകാരായ വിപിന്‍, ജിനേഷ്, കിഷോര്‍ എന്നിവരാണ് നിരീക്ഷണ സംഘത്തിലുണ്ടായിരുന്നത്.