കൊവിഡ് 19: സ്വന്തം ചികില്‍സയ്ക്കായി ലഭിച്ച തുകയില്‍ നിന്ന് സംഭാവന നല്‍കി അഞ്ചാം ക്ലാസ്സുകാരന്‍
പരപ്പനങ്ങാടി: തന്റെ ചികില്‍സയ്ക്കായി ലഭിച്ച തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി മാതൃകയായി സിറാജ് എന്ന കൊച്ചു മിടുക്കന്‍. രണ്ട് വര്‍ഷം മുമ്പ് ടി ബി ബാധിച്ച് ചികില്‍സയിലായ സിറാജിന് സര്‍ക്കാരില്‍ നിന്നും അനുവദിച്ച് കിട്ടിയ തുകയുടെ ഒരു വിഹിതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. നല്‍കേണ്ട പണം പരപ്പനങ്ങാടി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹണി കെ ദാസിനെയും എസ്.ഐ. രാജേന്ദ്രന്‍ നായരെയും എല്‍പ്പിച്ചു.
പരപ്പനങ്ങാടി എ എം യു പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയും പരപ്പനങ്ങാടി ഉള്ളണം നോര്‍ത്ത് പുളിക്കലകത്ത് അമ്മാറത്ത് വീട്ടില്‍ മുനീറിന്റെ മകനുമാണ് സിറാജ്. സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്ന് 2000 രൂപയാണ് സിറാജ് നല്‍കിയത്.
ധനസഹായം ലഭിച്ച തുക മുഖ്യമന്ത്രിയ്ക്ക് കൈമാറണമെന്ന ആവശ്യവുമായി സിറാജ് പിതാവ് പി എ മുനീറുമൊന്നിച്ച് പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. സിറാജ് കഴിഞ്ഞ പ്രളയകാലത്തും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താന്‍ സ്വരുക്കൂടിയ ഒരു ചെറിയ തുക ഇത്തരത്തില്‍ സംഭാവന നല്കിയിരുന്നു.