കൊവിഡ് 19: മലപ്പുറം ജില്ലയില്‍ സാമൂഹ്യ അടുക്കളകളില്‍നിന്ന് ഭക്ഷണം നല്‍കിയത് എട്ട് ലക്ഷത്തിലധികം പേര്‍ക്ക്

Update: 2020-04-29 11:54 GMT

മലപ്പുറം: ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന്‍ മലപ്പുറം ജില്ലയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ആരംഭിച്ച സാമൂഹ്യ അടുക്കളകള്‍ ഇതുവരെ ഉപയോഗപ്പെടുത്തിയത് എട്ട് ലക്ഷത്തിലധികം ആളുകള്‍. ഏപ്രില്‍ 29 വരെ 8,17,431 പേര്‍ക്കാണ് ഭക്ഷണം നല്‍കിയത്. വിവിധ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി പ്രവര്‍ത്തിയ്ക്കുന്ന സാമൂഹ്യ അടുക്കളകളില്‍ പാകം ചെയ്യുന്ന ഭക്ഷണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം നിയോഗിച്ച വളണ്ടിയര്‍മാര്‍ വഴിയാണ് ആവശ്യക്കാരിലെത്തിക്കുന്നത്.

മാര്‍ച്ച് 26 നാണ് ജില്ലയില്‍ സാമൂഹ്യ അടുക്കളകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ 5,64,809 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 5,43,977 പേര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കി. അവശ വിഭാഗങ്ങള്‍, നിത്യ രോഗികള്‍, അഗതികള്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്കാണ് സൗജന്യമായി ഭക്ഷണം നല്‍കിവരുന്നത്. ഇക്കാലയളവില്‍ 50,141 പേര്‍ക്ക് പ്രാതലും 2,02,481 പേര്‍ക്ക് അത്താഴവും ലഭ്യമാക്കി. തികച്ചും അര്‍ഹരായവര്‍ക്കാണ് സാമൂഹ്യ അടുക്കളകളില്‍ നിന്ന് ഭക്ഷണം ലഭ്യമാക്കിയതെന്നും ഇക്കാര്യത്തില്‍ കുടുംശ്രീ പ്രവര്‍ത്തകരുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം മാതൃകാപരമാണെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു.

സാമൂഹ്യ അടുക്കളകള്‍ വഴി ജില്ലയില്‍ ഏപ്രില്‍ 29വരെ 6,770 പേര്‍ക്ക് ഉച്ച ഭക്ഷണം നല്‍കി. ഇതില്‍ 6,012 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം വിതരണം ചെയ്തത്. 2,745 പേര്‍ക്ക് അത്താഴവും 509 പേര്‍ക്ക് പ്രാതലും നല്‍കി. ഇന്നലെ ഗ്രാമ പഞ്ചായത്തുകളില്‍ 3,713 പേര്‍ക്കാണ് ഉച്ചഭക്ഷണം നല്‍കിയത്. ഇതില്‍ 3,392 പേര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 329 പേര്‍ക്ക് പ്രാതലും 2,056 പേര്‍ക്ക് അത്താഴവും നല്‍കി. നഗരസഭകളില്‍ വിതരണം ചെയ്ത 3,057 ഉച്ചഭക്ഷണ പൊതികളില്‍ 2,620 പേര്‍ക്കുള്ള ഉച്ച ഭക്ഷണം സൗജന്യമായിരുന്നു. 180 പേര്‍ക്ക് പ്രാതലും 689 പേര്‍ക്ക് അത്താഴവും നഗരസഭാ പരിധികളില്‍ നല്‍കി.