ബീഹാറില്‍ വ്യാജമദ്യദുരന്തം: മൂന്ന് ദിവസത്തിനുള്ളില്‍ മരിച്ചത് 11 പേര്‍

Update: 2022-08-06 01:28 GMT

പട്‌ന: ബീഹാറിലെ സരന്‍ ജില്ലയില്‍ വ്യാജമദ്യദുരന്തത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പന്ത്രണ്ടോളം പേര്‍ സരനിലും പട്‌നയിലുമുള്ള ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നു.

നവംബറിനുശേഷമുണ്ടാകുന്ന ആറാമത്തെ വ്യാജമദ്യദുരന്തമാണ് ഇത്. ഗോപാല്‍ഗഞ്ച്, ഈസ്റ്റ് ചമ്പാരന്‍, നവാഡ, നളന്ദ, സരണ്‍ എന്നിവിടങ്ങളില്‍ ഇതുവരെ 90 പേരാണ് വ്യാജമദ്യംകഴിച്ച് മരിച്ചത്.

ഇതിനിടയില്‍ 19 പേര്‍ മരിച്ച 2016ലെ ഗോപാല്‍ഗഞ്ച് വ്യാജമദ്യക്കേസില്‍ ഒമ്പത് പ്രതികളെയും പട്‌ന ഹൈക്കോടതി വെറുതെവിട്ടത് സര്‍ക്കാരിന് നാണക്കേടായി.

പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് എത്തിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് സരന്‍ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് മീണ പറഞ്ഞു.

ഭെല്‍ഡി, മേക്കര്‍ എന്നീ പോലിസ് സ്‌റ്റേഷനുകള്‍ക്ക് കീഴിലുള്ള രണ്ട് ഗ്രാമങ്ങളില്‍ ബുധനാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയില്‍ 25 ഓളം ആളുകള്‍ക്ക് ഛര്‍ദ്ദിയും കാഴ്ച മങ്ങലും ഉണ്ടെന്ന് പരാതിപ്പെട്ടതോടെയാണ് വ്യാജമദ്യദുരന്തത്തിലേക്ക് സൂചന ലഭിച്ചത്. പ്രാദേശിക മദ്യവിതരണക്കാരനില്‍ നിന്ന് വാങ്ങിയ വ്യാജമദ്യമാണ് ഇവര്‍ കഴിച്ചത്.

ഛപ്രയിലെ ആധാര്‍ ഹോസ്പിറ്റലില്‍വച്ചാണ് പലരും മരിച്ചത്. ചിലര്‍ വീടുകളില്‍ വച്ചും മരിച്ചിരുന്നു.