ഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദര്‍: രക്തസാക്ഷിത്വത്തിന് 100 വയസ്സ്; സ്മൃതി സദസ്സ് സംഘടിപ്പിച്ചു

Update: 2022-02-18 17:03 GMT

താനൂര്‍: 1921 ലെ മലബാര്‍ കലാപത്തിന് നേതൃത്വം നല്‍കിയതിന് 1922 ഫെബ്രുവരി 20ന് ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയ താനൂര്‍ സ്വദേശി ഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദര്‍ സാഹിബിന്റെ രക്ത സാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. ഇതോടനുബന്ധിച്ച് താനൂര്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളജ് സിവിലൈസേഷണല്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ത്ഥികള്‍ താനൂര്‍ ടിപ്പു സുല്‍ത്താന്‍ റോഡിലെ അദ്ദേഹത്തിന്റ പുരാതന ഭവനം സന്ദര്‍ശിച്ച് സ്മൃതി സദസ്സ് സംഘടിപ്പിച്ചു. ചടങ്ങില്‍ പൗത്രന്‍ കുഞ്ഞിക്കാദര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

കുഞ്ഞിക്കാദര്‍ സാഹിബിന്റെ ഓര്‍മ്മകള്‍ അടയാളപ്പെടുത്തുന്ന ഉചിതമായ സ്മാരകം പണിയണമെന്നുള്ളത് നാടിന്റെ ആവശ്യമാണ്. നിയമസഭയില്‍ പോലും പലതവണ ഇത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞിക്കാദര്‍ സാഹിബിന്റെ സ്വന്തം തറവാട് ഇതിനായി വിട്ടുകൊടുക്കാന്‍ കുടുംബം തയാറാണെന്നറിയിച്ചിട്ടും തുടര്‍ നടപടികളുണ്ടായിട്ടില്ല. പിറന്ന നാടിന് ജീവന്‍ നല്‍കിയ ധീര പോരാളിയുടെ 100ാം ചരമ വാര്‍ഷിക വേളയിലെങ്കിലും ഈ പദ്ധതിക്ക് സമാരംഭം കുറിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസവിര്‍ കെ.ടി തൃപനച്ചി ചരിത്രാവതരണം നടത്തി. സിവിലൈസേഷണല്‍ സ്റ്റഡീസ് വിഭാഗം മേധാവി സി.പി ബാസിത് ഹുദവി അധ്യക്ഷനായി. കുഞ്ഞിക്കാദര്‍ സാഹിബിന്റെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 20ന് ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് സിവിലൈസേഷണല്‍ സ്റ്റഡീസ് വിഭാഗത്തിനു കീഴില്‍ വിവിധ പരിപാടികള്‍ നടക്കും. വൈകീട്ട് 2:30ന് നടക്കുന്ന പ്രബന്ധാവതരണം അഡ്വ. പി.പി റഊഫ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4ന് നടക്കുന്ന അനുസ്മരണ പ്രഭാഷണം വി.കെ.എം ശാഫി ഉദ്ഘാടനം ചെയ്യും. കാലികറ്റ് സര്‍വ്വകലാശാല ചരിത്ര വിഭാഗത്തിലെ ഡോ. പി. ശിവദാസന്‍ പ്രഭാഷണം നടത്തും.