പാണ്ടിക്കാട്ട് കെഎസ്ഇബി 100 ഓളം വാഴകള്‍ വെട്ടി നശിപ്പിച്ചു.

കുലച്ചതും കുലക്കാനായതുമായി നൂറോളം വാഴകള്‍ കെഎസ്ഇബി ജീവനക്കാര്‍ കൂട്ടമായി വെട്ടി നിരപ്പാക്കി. പാണ്ടിക്കാട് ചെമ്പ്രശ്ശേരി തെയ്യമ്പാടിക്കുത്ത് പ്രദേശത്തുള്ള വയലില്‍ കൃഷി ചെയ്യുന്ന ഇടുവനാം പെയ്കില്‍ ഷിജു ദിവാകരന്‍, മുരളി, മുഹമ്മദ് എന്നിവരുടെ നൂറോളം വാഴകളാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ കൃഷി നശിപ്പിച്ച് കര്‍ഷകരെ ദ്രോഹിച്ചത

Update: 2020-05-28 08:23 GMT

പാണ്ടിക്കാട്: കുലച്ചതും കുലക്കാനായതുമായി നൂറോളം വാഴകള്‍ കെഎസ്ഇബി ജീവനക്കാര്‍ കൂട്ടമായി വെട്ടി നിരപ്പാക്കി. പാണ്ടിക്കാട് ചെമ്പ്രശ്ശേരി തെയ്യമ്പാടിക്കുത്ത് പ്രദേശത്തുള്ള വയലില്‍ കൃഷി ചെയ്യുന്ന ഇടുവനാം പെയ്കില്‍ ഷിജു ദിവാകരന്‍, മുരളി, മുഹമ്മദ് എന്നിവരുടെ നൂറോളം വാഴകളാണ് യാതൊരു മുന്നറിയിപ്പും നല്‍കാതെ കൃഷി നശിപ്പിച്ച് കര്‍ഷകരെ ദ്രോഹിച്ചത്. പല കര്‍ഷകരും പാട്ടം നല്‍കിയാണ് രണ്ട് വര്‍ഷത്തേക്ക് കൃഷി നടത്തുന്നത്. ചുരുങ്ങിയത് 12 അടി എങ്കിലും ഉയരത്തില്‍ സ്ഥാപിക്കേണ്ട വൈദ്യുത ലൈന്‍ ഈ പ്രദേശങ്ങളില്‍ 5 അടി ഉയരം മാത്രമാണുള്ളതെന്ന് കര്‍ഷകന്‍ ഷിജു തേജസിനോട് പറഞ്ഞു. പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വൈദ്യുതി ലൈന്‍ ഉയര്‍ത്തുന്നതിന് പകരം കടമെടുത്ത് കൃഷി ചെയ്യുന്ന തങ്ങളോട് കേരള സര്‍ക്കാരിന്റെ മറ്റൊരു വകുപ്പ് തന്നെ ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷിജു പറഞ്ഞു. മേലാറ്റൂരില്‍ നിന്നും വണ്ടൂരിലേക്ക് പോകുന്ന 33 കെവി ട്രാന്‍സ്മിഷന്‍ ലൈന്‍ താഴേക്കൂടെ പോകുന്നത് കൊണ്ടാണ് ഈ പ്രശ്‌നമെന്നാണ് വൈദ്യുതി ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. ഇത് ഉയര്‍ത്താനായി പല തവണ ഡിസ്ട്രീബ്യൂഷന്‍ വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഈ പ്രദേശത്ത് 33 കെവി ലൈന്‍ പോകുന്നില്ലെന്നും സാധാരണ ലൈന്‍ മാത്രമാണ പോകുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. വന്‍ തുക വൈദ്യുത നിരക്ക് ഈടാക്കുന്ന കെസ്ഇബി ഈ ഭാഗത്തുള്ള അപകടകരമായി താഴ്ന്ന് നില്‍ക്കുന്നതും പൊതുജനങ്ങളുടെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതുമായ വൈദ്യതി ലൈനുകള്‍ ഉയര്‍ത്തി കെട്ടാനായി പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പാക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.  

Tags: