ഡിജിറ്റൽ സർവേ വ്യവസായ സംരംഭങ്ങളെ ജിയോ ടാഗ് ചെയ്യും

Update: 2022-12-05 07:14 GMT


ഇടുക്കി: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി.

2022 ഏപ്രില്‍ 1 ന് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ഉത്പാദന ,സേവന മേഖലയിലെ യൂണിറ്റുകളുടെ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കും. വ്യവസായ വകുപ്പ് നിയോഗിച്ച എന്യൂമറേറ്റര്‍മാര്‍ മുഖാന്തിരമാണ് വിവരശേഖരണം. നിലവില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളുടെ കൃത്യവും,പൂര്‍ണ്ണവുമായ വിവരങ്ങള്‍ ലഭ്യമായാല്‍ മാത്രമേ ഓരോ മേഖലയ്ക്കും ഉതകുന്ന പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിയൂ എന്നതിനാല്‍ സര്‍വ്വേയ്ക്ക് എല്ലാ സംരംഭകരും, വ്യവസായ അസോസിയേഷനുകളും പിന്തുണയും, സഹകരണവും നല്കണം .

വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകുന്നതിന് സര്‍വ്വേ വിവരങ്ങള്‍ ഉപയോഗപ്പെടുത്തും. ഇതിനായി കൃത്യമായ വിവരങ്ങള്‍ എന്യൂമറേറ്റര്‍മാരോട് പങ്കുവയ്ക്കണം. 2022-23 വര്‍ഷത്തില്‍ ആരംഭിച്ച 3000 സംരംഭങ്ങളുടെയും വിവരങ്ങള്‍ ഇന്റേണുകള്‍ മുഖേന ഡിജിറ്റലായി തന്നെ ശേഖരിച്ചിട്ടുണ്ട്. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത വ്യവസായജാലകം എന്ന സംവിധാനത്തിലേക്കാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. യൂണിറ്റുകളുടെ നിക്ഷേപം,തൊഴില്‍, ഉല്‍പാദനശേഷി, ഊര്‍ജ്ജ-ജല ഉപഭോഗം തുടങ്ങിയവയോടൊപ്പം യൂണിറ്റിന്റെ ഫോട്ടോ, ഭൌമസ്ഥാനം എന്നിവയും ശേഖരിക്കും.

അഞ്ചു വര്‍ഷം മുന്‍പ് നടത്തിയ സര്‍വ്വേ പ്രകാരം 5700 ഉല്‍പാദന-സേവന യൂണിറ്റുകളാണ് ജില്ലയിലുള്ളത്. ഈ യൂണിറ്റുകളുടെ നിലവിലെ സ്ഥിതിയും,ഇതില്‍ ഉള്‍പ്പെടാത്ത യൂണിറ്റുകളുടെ വിവരങ്ങളും നിലവിലെ സര്‍വ്വേയിലൂടെ ശേഖരിക്കും. രണ്ടു മാസം കൊണ്ട് സര്‍വ്വേ പൂര്‍ത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.