കോഴിക്കോട്: കുട്ടികളിലും യുവാക്കളിലും ഡ്രൈ ഐ സിന്‍ഡ്രോം വര്‍ധിക്കുന്നു. മൊബൈല്‍ ഫോണിന്റേയും കമ്പ്യൂട്ടറിന്റെയും തുടര്‍ച്ചയായ ഉപയോഗമാണ് ഇതിനു കാരണം. കോഴിക്കോട് ആരംഭിച്ച കേരള സൊസൈറ്റി ഫോര്‍ ഒഫ്താല്‍മിക് സര്‍ജന്‍സ് സംസ്ഥാന സമ്മേളനം 'ദൃഷ്ടി 2022' ല്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണ് ഈ വിലയിരുത്തല്‍. ജീവിത ശൈലിയില്‍ വന്ന മാറ്റമാണ് ഇതിനു കാരണമെന്ന് പ്രബന്ധമവതരിപ്പിച്ച് പ്രശസ്ത നേത്രരോഗ വിദഗ്ധ ഡോ. ലൈലാമോഹന്‍ പറഞ്ഞു. മൊബൈല്‍ ഉപയോഗം ചെറിയ കുട്ടികളില്‍ കോങ്കണ്ണിനും കാരണമാവുന്നുണ്ട്.
കംപ്യൂട്ടറും മൊബൈല്‍ ഫോണും മാത്രമല്ല ശീതീകരിച്ച മുറിയിലെ സഹവാസവും ഡ്രൈ ഐ സിന്‍ഡ്രോമിന് കാരണമാണ്. ഒരു മിനിട്ടില്‍ 10 മുതല്‍ 15 തവണ കണ്ണ് ഇമവെട്ടണം. കണ്ണില്‍ ആവശ്യത്തിന് ഫ്ലൂയിഡ് നിലനില്‍ത്തി കോര്‍ണിയയുടെ ആരോഗ്യം സംരക്ഷിച്ചു നിര്‍ത്താന്‍ ഇതാവശ്യമാണ്. തുടര്‍ച്ചയായുള്ള മൊബൈല്‍, കംപ്യൂട്ടര്‍ ഉപയോഗം ഒഴിവാക്കുകയാണ് ഇതിനുള്ള പ്രതിവിധി.
രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുകയേ ചെയ്യരുത്. രണ്ടു വയസിനു മുകളിലുള്ള കുട്ടികള്‍ അര മണിക്കൂറും അഞ്ചു മുതല്‍ ഏഴുവയസു വരെയുള്ളവര്‍ ഒരു മണിക്കൂറും മാത്രമെ മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉപയോഗിക്കാവൂ. ഏഴു വയസിനു മുകളില്‍ നിയന്ത്രണം ആവശ്യമില്ല. എന്നാല്‍ തുടര്‍ച്ചയായ ഉപയോഗം പാടില്ല. 20 മിനുട്ട് കഴിയുമ്പോള്‍ ഒന്നോ രണ്ടോ മിനിട്ട് ബ്രേക്ക് വേണം. മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്ന സ്ഥലത്ത് നല്ല വെളിച്ചം ഉറപ്പാക്കുകയും സ്‌ക്രീനിലേക്ക് വെളിച്ചം അടിക്കാതെയും നോക്കണം.
അമ്മമാരിലെ റുബല്ല വാക്‌സിന്റെ അഭാവം കുട്ടികളില്‍ തിമിരത്തിനു കാരണമാകുന്നുവെന്നും ഡോ. ലൈലാ മോഹന്‍ പറഞ്ഞു. കുട്ടികളില്‍ കാണുന്ന തിമിര രോഗത്തില്‍ 25 ശതമാനാവും റുബല്ല സിന്‍ഡ്രോമാണ്. 2012 മുതല്‍ നവജാത ശിശുക്കള്‍ക്ക് ബിസിജി, പോളിയോ എന്നിവയോടൊപ്പം റുബല്ല വാക്‌സിനും രാജ്യത്ത് നിര്‍ബന്ധമാക്കിയിട്ടുണ്ട. ്എന്നാല്‍ പലരും റുബല്ല വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നു. ഇതാണ് കുട്ടികളില്‍ തിമിര രോഗം വര്‍ധിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന നേത്ര ഡോക്ടര്‍മാരുടെ സംസ്ഥാന സമ്മേളനം കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍
ഓള്‍ ഇന്ത്യ ഒഫ്താല്‍മോള്‍ജിക്കല്‍ സൊസൈറ്റി പ്രസിഡന്റ് ഡോ. ലളിത് വര്‍മ ഉദ്ഘാടനം ചെയ്തു. .ഡോ. എസ്.ജെ. സായ് കുമാര്‍ അധ്യക്ഷത വഹിച്ചു.. ഒളിമ്പ്യന്‍ പി.ടി. ഉഷ എം.പി വിശിഷ്്ടാഥിതിയായിരുന്നു. കെ.എസ്.ഒ.എസിന്റെ പുതിയ പ്രസിഡന്റ് ഡോ. എസ്.ജെ. സായ്കുമാറിന്റെ സ്ഥാനാരോഹണവും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടന്നു. നിലവിലെ പ്രസിഡന്റ് ഡോ. അരൂപ് ചക്രബര്‍ത്തി ഇന്‍സ്റ്റലേഷന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഡോ.ഗോപാല്‍ എസ്. പിള്ള, (ജന. സെക്രട്ടറി - കെഎസ്ഒഎസ്) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐഎംഎ പ്രസിഡന്റ് ഡോ. വേണുഗോപാല്‍, സയന്റിഫിക് കമ്മറ്റി ചെയര്‍മാന്‍ ശ്രീനി എടക്കോലം സംസാരിച്ചു. 'ദൃഷ്ടി 2022' ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ ഡോ. കെ.എസ്. ചന്ദ്രകാന്ത് സ്വാഗതവും സെക്രട്ടറി ഡോ. വിനോദ് കുമാര്‍ എന്‍.വി. നന്ദിയും പറഞ്ഞു.

