സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം സര്‍ക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Update: 2022-11-22 02:25 GMT

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ മുഖ്യപരിഗണനയാണ് നല്‍കുന്നതെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ ആരംഭിച്ച ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്, പവര്‍ ലോണ്‍ട്രി, എയ്‌റോബിക് കംമ്പോസ്റ്റ് യൂണിറ്റ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 


സാമൂഹ്യ വികസനത്തിന്റെ നിര്‍ണ്ണായക മേഖലകളിലൊന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതിയെന്നും ആരോഗ്യ രംഗത്തെ കേരളത്തിന്റെ മുന്നേറ്റം അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. ചികിത്സാ രംഗത്ത് പല നൂതന പദ്ധതികളും കോട്ടപ്പറമ്പിലെ ആശുപത്രിയില്‍ നടപ്പാക്കി വരികയാണ്. ആശുപത്രിയുടെ മികവ് പ്രശംസനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമമാണ് നടപ്പിലാക്കുന്നതെന്നും ഇതില്‍ കേരളത്തിന്റെ മുന്നേറ്റം അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. 


ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് 15.83 ലക്ഷം രൂപയാണ് ചിലവ്. പവര്‍ ലോണ്‍ട്രിക്ക് 41.76 ലക്ഷം രൂപയും എയ്‌റോബിക് പോസ്റ്റ് യൂണിറ്റിന് 2.21 ലക്ഷം രൂപയുമാണ് ചെലവ്. എംഎല്‍എ ഫണ്ട്, ആര്‍.എസ്.ബി.വൈ ഫണ്ടുകളില്‍ നിന്നാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. 


ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലറും എച്ച്.എം.സി മെമ്പറുമായ അബൂബക്കര്‍ എസ്.കെ അധ്യക്ഷത വഹിച്ചു. ഡിഡിസി എം.എസ് മാധവിക്കുട്ടി മുഖ്യാതിഥിയായി. എച്ച്.എം.സി അംഗങ്ങളായ കുഞ്ഞഹമ്മദ്, കെ.എം അബ്ദുള്‍ മനാഫ്, ഹസീന ഷംസുദ്ദീന്‍, സി.കെ നരേന്ദ്ര ബാബു, ബി.കെ പ്രേമന്‍, അഡ്വ പി.എം ഹനീഫ്, ടി. ലതകുമാര്‍, ടി. മനോജ്കുമാര്‍, മുഹമ്മദ് റാസിഖ്, എ.എ സവാദ്, ഫിറോസ് പി.പി എന്നിവര്‍ സംസാരിച്ചു. 

ആശുപത്രി സൂപ്രണ്ട് സുജാത എം സ്വാഗതവും ഡെപ്യുട്ടി സൂപ്രണ്ട് പ്രമോദ് കുമാര്‍ പി.പി നന്ദിയും പറഞ്ഞു.