ഭിന്നശേഷി പുരസ്കാര തിളക്കത്തിൽ തൃശൂർ ജില്ല

Update: 2022-11-17 09:53 GMT


ഭിന്നശേഷി മേഖലയിൽ മികവാർന്ന പ്രവർത്തനം കാഴ്ചവച്ച് സാമൂഹ്യ നീതി വകുപ്പിന്റെ ആറു പുരസ്കാരങ്ങൾ കരസ്ഥമാക്കി തൃശൂർ ജില്ല. സർക്കാർ പൊതുമേഖലാ സ്ഥാപനത്തിലെ മികച്ച ഭിന്നശേഷി ജീവനക്കാരിയായി എ സി സീന ജില്ലയുടെ അഭിമാനമായി.

മികച്ച ഗ്രാമപഞ്ചായത്ത് - അരിമ്പൂർ (50,000 രൂപ), മികച്ച നൂതനാശയം രൂപകൽപ്പന ചെയ്ത സ്ഥാപനം - നിപ്മർ, തൃശ്ശൂർ (25,000 രൂപ), മികച്ച ഭിന്നശേഷി കായികതാരം വിഷ്ണു പി.വി (25,000 രൂപ), മികച്ച സര്‍ഗാത്മകകഴിവുള്ള ഭിന്നശേഷി കുട്ടി- കെ എസ് അസ്‌ന ഷെറിൻ (25,000 രൂപ), ഭിന്നശേഷി മേഖലയിലെ മികച്ച സ്വകാര്യ തൊഴില്‍ദായകര്‍ റോസ്‌മിൻ മാത്യു ഐഎ എൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച്, തൃശ്ശൂർ (20,000 രൂപ ), സർക്കാർ /പൊതുമേഖലാ സ്ഥാപനത്തിലെ മികച്ച ഭിന്നശേഷി ജീവനക്കാർ - സീന എ സി (25,000 രൂപ ) എന്നിവയാണ് പുരസ്കാരങ്ങൾ.

രാമവർമ്മപുരം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനധ്യാപികയാണ് സീന. വിദ്യാലയത്തിന് സ്വന്തമായൊരു കളിസ്ഥലം എന്ന സ്വപ്നം സാക്ഷാത്കരിച്ചത് സീനയുടെ മികവാർന്ന ഇടപെടലിലൂടെയായിരുന്നു.2019 ൽ കർമ്മ ശ്രേഷ്ഠ പുരസ്കാരം നേടിയ വ്യക്തി കൂടിയാണ് .ഇംഗ്ലീഷിലും ഗണിതത്തിലും പുറകിലായ നിരവധി കുട്ടികൾക്ക് വീട്ടിൽ ചെന്ന് സൗജന്യമായി പഠനം നൽകി പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് സീനയുടെ സേവനം വഴിയൊരുക്കിയിട്ടുണ്ട്.

മികച്ച ഭിന്നശേഷി കായിക താരമായി വിപി വിഷ്ണുവും മികച്ച സർഗാത്മക കഴിവുള്ള ഭിന്നശേഷി കുട്ടിയായി കെ എസ് അസ്ന ഷെറിനും ജില്ലയുടെ അഭിമാന താരങ്ങളായി.

ക്യാഷ് അവാർഡിന് പുറമെ സർട്ടിഫിക്കറ്റും മെമെന്റോയും അടങ്ങുന്ന പുരസ്ക്കാരങ്ങൾ ഡിസംബർ മൂന്നിന് നടക്കുന്ന ഭിന്നശേഷി ദിനാചരണച്ചടങ്ങിൽ സമ്മാനിക്കും.

Similar News