കരിങ്കൽ ക്വാറി കാരണം അന്തരീക്ഷ മലിനീകരണം: പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി
കോഴിക്കോട് : കരിങ്കൽ ക്വാറിയുടെ പ്രവർത്തനം അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നുവെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രദേശവാസി സമർപ്പിച്ച പരാതിയാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് തള്ളിയത്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ പരിഗണിച്ചാണ് കേസ് തീർപ്പാക്കിയത്. ക്വാറിയുടെ പ്രവർത്തനം കാരണം പരിസ്ഥിതി മലിനീകരണമില്ലെന്നും പരാതിക്കാരന് സ്വസ്ഥമായി ജീവിക്കാനുള്ള അവകാശത്തിന് ഭംഗം വന്നിട്ടുണ്ടെന്ന പരാതി ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ ഏജൻസികൾ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.