കേന്ദ്ര ആരോഗ്യ സംഘം തൃശൂർ ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി

Update: 2022-11-10 09:30 GMT

തൃശൂർ: ജില്ലയിലെത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സംഘവുമായി (കോമൺ റിവ്യൂ മിഷൻ) കൂടിക്കാഴ്ച നടത്തി ജില്ലാ കലക്ടർ ഹരിത വി കുമാർ. ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ ഡോ.രാമചന്ദ്ര റാവു സതുലൂരിയുടെ (ഡിപ്പാർട്ട്മെന്റ് ഓഫ് റീപ്രൊഡക്ടീവ് ബയോ മെഡിസൻ) നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ചേംബറിലെത്തി കലക്ടറെ സന്ദർശിച്ചത്.

ആരോഗ്യ സംവിധാനങ്ങളെ കുറിച്ച് മികച്ച അഭിപ്രായം പങ്കുവെച്ച സംഘം ജില്ലയുടെ മികവാർന്ന പ്രവർത്തനങ്ങളെ പ്രശംസിക്കാനും മറന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യമേഖലയിലുള്ള പങ്കാളിത്തം, സാന്ത്വനപരിചരണ പരിപാടി, ശലഭം നവജാത ശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധന, ആശധാര പദ്ധതി, ആശുപത്രികളിൽ രോഗികൾക്ക് ആഹാരം നൽകുന്നതിൽ എൻജിഒകളുടെ പങ്കാളിത്തം എന്നിവയെ കുറിച്ച് മികച്ച അഭിപ്രായമാണ് സംഘം പങ്കുവെച്ചത്. കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ച ജില്ലാ കലക്ടർ ആരോഗ്യ മേഖലയിൽ ജില്ല നേടിയ പുരോഗതി സംബന്ധിച്ചും പറഞ്ഞു.

അഞ്ച് ദിവസത്തെ സന്ദർശനത്തിനായി നവംബർ 6 നാണ് കേന്ദ്രസംഘം തൃശൂരിലെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെ പ്രോഗ്രാം ഓഫീസർമാരുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേരുകയും ജില്ലയെ സംബന്ധിച്ച വിവരങ്ങളുടെ പ്രസന്റേഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാഹുൽ യു ആർ നടത്തുകയും ചെയ്തിരുന്നു.

ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളും സംഘം സന്ദർശിച്ചിരുന്നു. നഗര കുടുംബാരോഗ്യ കേന്ദ്രം ഗോസായിക്കുന്ന്, ജില്ലാ വാക്‌സിൻ സ്റ്റോർ, കൊടകര കുടുംബാരോഗ്യകേന്ദ്രം, ഹെൽത്ത് ആന്റ് വെൽനസ് സെന്റർ, വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം, ട്രൈബൽ കോളനി, സ്കൂൾ, ചാലക്കുടി താലൂക്ക് ആശുപത്രി, സാമൂഹികാരോഗ്യകേന്ദ്രം പെരിഞ്ഞനം, ജനറൽ ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രം അയ്യന്തോൾ, ഡിഇഐസി, ജില്ലാ മാനസികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്തിരുന്നു. ഫോക്കസ് ഗ്രൂപ്പ്‌ ചർച്ചകളിലൂടെ പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു.

ചേംബറിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാന ദേശീയ ആരോഗ്യ ദൗത്യം ഓഫീസർമാരായ സീന കെ എം, സുജാത, ഡോ.ശില്പ, ഡോ ലക്ഷ്മി, സ്റ്റേറ്റ് എപ്പിടമോളൊജിസ്റ്റ് ഡോ.ബിബിൻ ഗോപാൽ, സ്റ്റേറ്റ് നോഡൽ ഓഫീസർ (എൻ സി ഡി ), ഡോ.റോഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. യു ആർ രാഹുൽ, മറ്റ് ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യകേരളം പ്രോഗ്രാം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.