മൃഗപരിപാലനത്തിൽ സൂക്ഷ്മത വേണം : മന്ത്രി ജെ ചിഞ്ചുറാണി

Update: 2022-10-31 04:08 GMT


തൃശൂർ:പന്നിപ്പനി വ്യാപകമായി ജില്ലകളിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മൃഗപരിപാലനം അതീവ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും വേണമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ കള്ളിങ്ങിന് വിധേയമാക്കിയ പന്നിഫാം കർഷകർക്കുള്ള നഷ്ടപരിഹാര തുകയുടെ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മൃഗങ്ങൾക്ക് കൂടുതൽ കരുതൽ നൽകണം. പന്നിഫാം കർഷകർക്കായി ഏഴ് കോടി രൂപയാണ് സർക്കാർ ഇതിനോടകം നഷ്ടപരിഹാരം നൽകിയത്. ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ സാഹചര്യത്തിൽ നാല് കോടി രൂപ നഷ്ടപരിഹാരമായി നൽകി.

മൃഗങ്ങളിൽ രോഗം പടർന്നുപിടിക്കുന്ന സാഹചര്യങ്ങൾ കർശന നിർദ്ദേശമാണ് ഇവിടങ്ങളിലെല്ലാം പാലിച്ചു പോരുന്നത്. അതിനായി ജില്ലാ കലക്ടറുടെയും ത്രിതല പഞ്ചായത്തുകളുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകരണം പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം രോഗങ്ങൾക്ക് വാക്സിനേഷനുകൾ കണ്ടെത്തിയിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തൃശൂർ, പാലക്കാട് ജില്ലയിലെ 4 കർഷകർക്കായി 2891800 രൂപയാണ് നഷ്ടപരിഹാരം നൽകുന്നത്. തൃശൂർ ജില്ലയിൽ രാജീവ്‌ ടി 180400/-,ഉണ്ണികൃഷ്ണൻ 1109400/-,സുരേഷ് 204600/-,പാലക്കാട് ജില്ലയിൽ മെജോ ഫ്രാൻസിസ് 1397400/- എന്നിവരാണ് നഷ്ടപരിഹാര തുക സ്വീകരിച്ചത്. തുകയുടെ 60 % കേന്ദ്ര വിഹിതവും 40 % സംസ്ഥാന വിഹിതവുമാണ്.

ജില്ലയിൽ ഒക്ടോബർ 11ന് ചേർപ്പ് ഗ്രാമ പഞ്ചായത്തിലെ പന്നി വളർത്തൽ കേന്ദ്രത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ 31 പന്നികളെയും ഒരു കിലോ മീറ്റർ ചുറ്റവളവിലുള്ള ഒരു ഹാമിലെ 169 പന്നികളെയും നാഷണൽ ആക്ഷൻ പ്ലാൻ പ്രകാരം ദയാവധത്തിന് വിധേയമാക്കി മറവ് ചെയ്തിരുന്നു. പിന്നീട് അതിരപ്പിള്ളി പഞ്ചായത്തിലെ ഒരു ഫാമിലും രോഗം സ്ഥിരീകരിച്ചതിനാൽ 64 പന്നികളെയും പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തിലെ ഒരു ഫാമിലെ 194 പന്നികളെയും ദയാവധത്തിന് വിധേയമാക്കിയിരുന്നു.

ജില്ലയിൽ ഈ മാസം 27 ന് രോഗം സ്ഥിരീകരിച്ച കടങ്ങോട്, കോടശ്ശേരി പഞ്ചായത്തുകളിൽ 28 മുതലേ കള്ളിംഗ് നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണ്. ആറുമാസക്കാലം ഈ മേഖലയിലെ മറ്റു ഫോമുകളിൽ രോഗ നിരീക്ഷണം നടത്തും അതിനുള്ള നടപടികൾ പൂർത്തിയാക്കിട്ടുണ്ട്. ആഫ്രിക്കൻ പന്നിപ്പനി പടരാതിരിക്കുന്നതിന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടി എന്ന നിലയിൽ മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് കേന്ദ്ര ആക്ഷൻ പ്ലാൻ പ്രകാരം കള്ളിംഗ് നടത്തുന്നത്.

ജില്ലാ ജന്തു രോഗ നിയന്ത്രണ പദ്ധതി ഓഫീസിൽ നടന്ന നഷ്ടപരിഹാര വിതരണ പരിപാടിയിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് കോഡിനേറ്റർ ഡോ.ലത മേനോൻ, എൽ എസ് എഫ് എ സംസ്ഥാന പ്രസിഡന്റ് സി വി കുര്യാക്കോസ്, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ,എന്നിവർ പങ്കെടുത്തു.