തൃശൂർ: ജില്ലയിലെ രണ്ട് പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം.
കോടശ്ശേരി, കടങ്ങോട്, പഞ്ചായത്തുകളിലെ പന്നിഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. കോടശ്ശേരി പഞ്ചായത്തിലെ ചായിപ്പന്‍കുഴിയില്‍ രോഗം സ്ഥിരീകരിച്ച പന്നിഫാമിലെ മുപ്പതോളം പന്നികളെ കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള ഇലക്ട്രിക് സ്റ്റണ്ണിങ് ആന്‍ഡ് സ്റ്റിക്കിങ് രീതിയില്‍ ദയാവധം ചെയ്തു. തുടര്‍ന്ന് പന്നികളെ ശാസ്ത്രീയമായി മറവ് ചെയ്യുകയും ഫാമില്‍ അണുനശീകരണം നടത്തുകയും ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകര്‍മ്മ സേനയുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. കടങ്ങോട് പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ച ഫാമിലെയും തൊട്ടടുത്തുള്ള
ഫാമുകളിലെയും പന്നികളെ ഉന്‍മൂലനം ചെയ്യുന്ന നടപടികള്‍ രണ്ട് ദിവസം കൂടി തുടരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
മുന്‍കരുതല്‍
ഗ്രാമപഞ്ചായത്തുകളില്‍ രോഗം സ്ഥിരീകരിച്ച പന്നിഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും പത്ത് കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളില്‍ നിന്ന് പന്നിമാംസം വിതരണം ചെയ്യുന്നതും പന്നിമാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശമുണ്ട്. പന്നി, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിതമേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെയ്‌ക്കേണ്ടതാണ്. കടങ്ങോട്, എരുമപ്പെട്ടി, ചൂണ്ടല്‍, ചൊവ്വന്നൂര്‍, വേലൂര്‍, വരവൂര്‍, പോര്‍ക്കുളം, കടവല്ലൂര്‍, കൊരട്ടി, കോടശ്ശേരി, പരിയാരം, വരന്തരപ്പള്ളി, മേലൂര്‍, മട്ടത്തൂര്‍ പഞ്ചായത്തുകളാണ് നിരീക്ഷണത്തിലുള്ളത്.
