അഡ്വ. ആര്‍ വെങ്കിട്ടരമണി ഇന്ത്യയുടെ പുതിയ അറ്റോര്‍ണി ജനറല്‍

Update: 2022-09-28 18:24 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ അറ്റോര്‍ണി ജനറലായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കിട്ടരമണിയെ നിയമിച്ചു. സപ്തംബര്‍ 30ന് കെ കെ വേണുഗോപാലിന്റെ കാലാവധി പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ് നിയമനം. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. പോണ്ടിച്ചേരി സ്വദേശിയായ പുതിയ അറ്റോര്‍ണി ജനറല്‍ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് കമ്മിറ്റി ചെയര്‍മാനാണ്. കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായിട്ടുണ്ട്. വെങ്കിട്ടരമണിയെ അറ്റോര്‍ണി ജനറലായി നിയമിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമനീതി മന്ത്രാലയത്തിന്റെ നിയമകാര്യ വകുപ്പാണ് ഇന്ന് പുറപ്പെടുവിച്ചത്. വെങ്കിട്ടരമണിയുടെ നിയമനം സ്ഥിരീകരിച്ച് കേന്ദ്ര നിയമനീതി മന്ത്രി കിരണ്‍ റിജിജുവിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു.

അടുത്ത അറ്റോര്‍ണി ജനറലാവാനുള്ള കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം ഈ ആഴ്ച ആദ്യം മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി നിരസിച്ചിരുന്നു. ഇതോടെയാണ് വെങ്കിട്ടരമണിക്ക് നറുക്ക് വീണത്. 1950 ഏപ്രില്‍ 13ന് പോണ്ടിച്ചേരിയില്‍ ജനനം. പോണ്ടിച്ചേരിയിലെ ഗവണ്‍മെന്റ് ലോ കോളജില്‍ പരേതനായ പ്രഫ. മാധവമേനോന്റെ വിദ്യാര്‍ഥിയായിരുന്ന അദ്ദേഹം 1977ല്‍ പ്രാക്ടീസ് ആരംഭിച്ചു. 1979ല്‍ അദ്ദേഹം തന്റെ പ്രാക്ടീസ് ഡല്‍ഹിയിലേക്ക് മാറ്റി. 1997ല്‍ സുപ്രിംകോടതി അദ്ദേഹത്തെ സീനിയര്‍ അഭിഭാഷകനായി നിയമിച്ചു. 2010 ലും 2013 ലും ഇന്ത്യന്‍ ലോ കമ്മീഷന്‍ അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സുപ്രിംകോടതിയിലും ഹൈക്കോടതിയിലും പ്രവര്‍ത്തിക്കുന്നതിന് മുമ്പ് അദ്ദേഹം കേന്ദ്ര സര്‍ക്കാര്‍, നിരവധി സംസ്ഥാന സര്‍ക്കാരുകള്‍, സര്‍വകലാശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെ പ്രതിനിധീകരിച്ചിരുന്നു.

Similar News