എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം ഇന്ന്; ലോകനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും

Update: 2022-09-19 04:40 GMT

ലണ്ടന്‍: ഏഴ് പതിറ്റാണ്ട് ഭരണാധിപയായിരുന്ന എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടീഷ് ജനത ഇന്ന് വിടനല്‍കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങുകള്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ ആരംഭിക്കും. തുടര്‍ന്ന് രാത്രി 12ന് (ഇന്ത്യന്‍ സമയം) വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ ചാപ്പലില്‍ ഭൗതികശരീരം അടക്കം ചെയ്യും. 10 ദിവസത്തെ ദുഖാചരണത്തിനുശേഷമാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരം. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെയാണു രാജ്ഞി അന്ത്യവിശ്രമം കൊള്ളുക. വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടക്കുന്ന സംസ്‌കാരച്ചടങ്ങില്‍ ചാള്‍സ് മൂന്നാമനും മറ്റ് കുടുംബാംഗങ്ങളും ലോകനേതാക്കളുമടക്കം രണ്ടായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

വെസ്റ്റ്മിന്‍സ്റ്ററിലെ പൊതുദര്‍ശനചടങ്ങില്‍ പതിനായിരങ്ങള്‍ മണിക്കൂറുകളോളം ക്യൂ നിന്നാണ് രാജ്ഞിക്ക് ആദരം അര്‍പ്പിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു ശനിയാഴ്ച വൈകീട്ട് ബ്രിട്ടനിലെത്തിയിരുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളില്‍ രാജ്ഞിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച രാഷ്ട്രപതി, സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനായി ലണ്ടനില്‍ തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, സ്‌പെയിനിലെ രാജാവ് ഫിലിപ് ആറാമന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനോസ് തുടങ്ങിയവരും ലണ്ടനിലെത്തിയിട്ടുണ്ട്.

രാജ്യം കണ്ട ഏറ്റവും വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സംസ്‌കാരച്ചടങ്ങുകളുടെ ഒരുക്കങ്ങള്‍ക്കായി തിങ്കള്‍ പ്രാദേശികസമയം രാവിലെ 6.30ന് സന്ദര്‍ശകരെ ഒഴിവാക്കും. ചടങ്ങുകള്‍ക്കൊടുവില്‍ രണ്ടുമിനിറ്റ് മൗനം ആചരിക്കും. പ്രാദേശിക സമയം 12.15ന് വെല്ലിങ്ടണ്‍ ആര്‍ച്ചിലേക്ക് കുതിരവണ്ടിയില്‍ ശവപ്പെട്ടിയും വഹിച്ചുള്ള വിലാപയാത്ര തുടങ്ങും.

വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ സെയ്ന്റ് ജോര്‍ജ് ചാപ്പലില്‍ മൃതദേഹം അടക്കം ചെയ്യും. ശവസംസ്‌കാര ചടങ്ങില്‍ സമ്പൂര്‍ണ നിശ്ശബ്ദതയ്ക്കുവേണ്ടി ഹീത്രോവിമാനത്താവളത്തിലെ നൂറിലധികം വിമാന സര്‍വീസ് റദ്ദാക്കി. സംസ്‌കാരച്ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം 125 തിയറ്ററിലും ബ്രിട്ടനിലെ എല്ലാ പാര്‍ക്കുകളിലുമുണ്ടാവും. സപ്തംബര്‍ എട്ടിന് സ്‌കോട്ട്‌ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തിലാണ് രാജ്ഞി അന്തരിച്ചത്.