ഗുരുവായൂർ നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവി

Update: 2022-09-13 08:36 GMT

തൃശൂര്‍: വെളിയിട വിസര്‍ജ്ജന വിമുക്ത നഗരമായി പ്രഖ്യാപിക്കപ്പെട്ട ഗുരുവായൂര്‍ നഗരസഭയ്ക്ക് ഒ ഡി എഫ് പ്ലസ് പദവിയും. വെളിയിട വിസര്‍ജ്ജന വിമുക്തനഗരം എന്നതിനൊപ്പം പൊതുശുചിത്വം, പൊതു ശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങള്‍ ഏര്‍പ്പെടുത്തല്‍ എന്നീ നേട്ടങ്ങള്‍ കൈവരിക്കുന്ന നഗരങ്ങളെയാണ് ഒ ഡി എഫ് പ്ലസ് നഗരങ്ങളായി തിരഞ്ഞെടുക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന് വേണ്ടി ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് സര്‍വ്വേ നടത്തിയത്. വെളിയിട വിസര്‍ജ്ജ്യ വിമുക്ത നഗരമായി ഗുരുവായൂര്‍ നഗരസഭ തിരഞ്ഞെടുത്തിരുന്നു. ആ പദവി നിലനിര്‍ത്തുകയും കൂടുതല്‍ സൗകര്യം ഒരുക്കുകയും ചെയ്തതുകൊണ്ടാണ് ഒഡിഎഫ് പ്ലസ് പദവി നഗരസഭയ്ക്ക് ലഭ്യമായത്.

ഇരുനൂറോളം ആസ്പിരേഷ്ണല്‍ ടോയ്‌ലറ്റ്‌സ്, രാത്രികാല ശുചീകരണം തുടങ്ങിയ പ്രവൃത്തികളിലൂടെ നഗരത്തെ ശുചിത്വ പൂര്‍ണ്ണമാക്കാന്‍ നഗരസഭ നിരവധി പദ്ധതികള്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ശുചിത്വനഗരം ശുദ്ധിയുള്ള ഗുരുവായൂര്‍ എന്ന ആശയം മുന്‍നിര്‍ത്തി നടപ്പാക്കിയ പദ്ധതികളിലൂടെ നഗരസഭ ശുചിത്വ പദവിയും കൈവരിച്ചിരുന്നു.