പാട്ടുപാടിയും പൂക്കളമിട്ടും അമ്മമാര്‍ക്ക് ഹാപ്പി ഓണം

കാഞ്ഞൂര്‍ ദൈവദാന്‍ അഗതിമന്ദിരത്തിലെ അന്തേവാസികളായ 40 അമ്മമാര്‍ക്കാണ് കൊച്ചി എം ജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ആഹ്ലാദത്തിന്റെ അവിസ്മരണീയമായ ഓണാഘോഷപ്പകല്‍ ഒരുക്കിയത്

Update: 2022-09-03 04:50 GMT

കൊച്ചി:പ്രായത്തിന്റെ അവശതകളും അനാഥത്വത്തിന്റെ സങ്കടങ്ങളും മറന്ന് കാഞ്ഞൂര്‍ ദൈവദാന്‍ അഗതിമന്ദിരത്തിലെ അന്തേവാസികളായ 40 അമ്മമാര്‍ക്ക് കൊച്ചി എം ജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളില്‍. ആഹ്ലാദത്തിന്റെ അവിസ്മരണീയമായ ഓണാഘോഷപ്പകല്‍. പ്രത്യേക ക്ഷണപ്രകാരം എത്തിയ അമ്മമാരുടെ സംഘത്തിനായി മാള്‍ അധികൃതര്‍ വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.

പൂക്കളമൊരുക്കാനും ഓണപ്പാട്ടുകള്‍ പാടാനും ലഭിച്ച അവസരം, തങ്ങളുടെ ചെറുപ്പത്തിലെ ഓണനാളുകളുടെ ഹൃദ്യമായ ഓര്‍മകളിലേക്കു കൈപിടിച്ചെന്ന് അമ്മമാര്‍ പറഞ്ഞു. ഓണസദ്യയ്ക്കു ശേഷം മാളിലെ മള്‍ട്ടിപ്ലക്‌സില്‍ ഒരുക്കിയ സിനിമാപ്രദര്‍ശനം അമ്മമാര്‍ ആസ്വദിച്ചു. തുടര്‍ന്ന് ഓണസമ്മാനങ്ങളും സ്വീകരിച്ചാണ് അമ്മമാര്‍ മടങ്ങിയത്.

ദൈവദാന്‍ സെന്റെര്‍ ഡയറക്ടര്‍ സിസ്റ്റര്‍ അന്ന, സിസ്റ്റര്‍ ഗ്രേസി, സിസ്റ്റര്‍ മിനി, കിഴക്കുംഭാഗം ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. സുബാഷ് മാളിയേക്കല്‍, അധ്യാപക പ്രതിനിധികളായ സിജോ പൈനാടത്ത്,കൊച്ചുറാണി സാജന്‍, റോസിലി ജോയ്, ലിസി സെബാറ്യന്‍, റൂബി ജെയിംസ്, അമല ജെയിംസ് അമ്മമാര്‍ക്കൊപ്പമുണ്ടായിരുന്നു. സെന്റര്‍ സ്‌ക്വയര്‍ മാള്‍ അധികൃതരായ മോനു നായര്‍, ദീപ വിനയ്, സജീവന്‍ മാവില,രതീഷ്,അരുണ്‍ ബാബു, ഉമേഷ്,സിജോ, ദേവിക, സല്‍മാന്‍, അനില്‍കുമാര്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Similar News