ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്; സഹോദരങ്ങള്‍ പിടിയില്‍

Update: 2022-06-01 11:12 GMT

തൃശൂര്‍: ഗുരുവായൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. മുഖ്യപ്രതിയുടെ സഹോദരങ്ങളായ ചിന്നരാജ, സഹോദരന്‍ രാജ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശികളാണ് ഇവര്‍. ഈ മാസം ആദ്യമാണ് ഗുരുവായൂരിലെ മൊത്തവ്യാപാരി ബാലന്റെ വീട്ടില്‍ സ്വര്‍ണക്കവര്‍ച്ച നടന്നത്. മൂന്ന് കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയുമാണ് മോഷണം പോയത്.

മുഖ്യപ്രതി ധര്‍മരാജനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അതിന് പിന്നാലെയാണ് ധര്‍മരാജന്റെ സഹോദരങ്ങള്‍ അറസ്റ്റിലായത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പോലിസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞത്.