മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി

Update: 2022-05-14 15:11 GMT

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവച്ച ഒഴിവില്‍ മണിക് സാഹയെ നിയമിക്കാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയിരിക്കെയാണ് പുതിയ നിയമനം. കഴിഞ്ഞ വര്‍ഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹ ബിജെപിയുടെ ത്രിപുര ഘടകം പ്രസിഡന്റും തൊഴിലുകൊണ്ട് ദന്തഡോക്ടറുമാണ്.

ഇന്ന് ചേര്‍ന്ന ലജിസ്‌ളേറ്റീവ് പാര്‍ട്ടി യോഗത്തിനുശേഷം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ ഈ നിര്‍ദേശം പാര്‍ട്ടിയില്‍ വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്. മന്ത്രി രാം പ്രസാദ് പോള്‍ പ്രതിഷേധസൂചകമായി ഒച്ചുവയ്ക്കുകയും കസാര തല്ലിപ്പൊളിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

കേന്ദ്ര നേതൃത്വം ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് പലര്‍ക്കും പരാതിയുണ്ട്.

ബി.ജെ.പിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്നാണ് ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചത്. പ്രതിപക്ഷവും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ത്രിപുരയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതിനുശേഷം പ്രതിപക്ഷ പാര്‍ട്ടികളിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരേ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇത് കനത്ത പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

Tags:    

Similar News