കത്തീഡ്രല്‍ പ്രഖ്യാപനത്തെച്ചൊല്ലി തര്‍ക്കം; പാളയം എല്‍എംഎസ് പള്ളിയില്‍ സംഘര്‍ഷം

Update: 2022-04-29 06:52 GMT

തിരുവനന്തപുരം: പാളയം എല്‍എംസ് പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എതിര്‍പ്പുമായി ഒരുവിഭാഗം വിശ്വാസികള്‍ റോഡ് ഉപരോധിച്ചു. ഇന്ന് രാവിലെ മുതലായിരുന്നു പള്ളിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പള്ളിയെ കത്തീഡ്രലായി സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധര്‍മരാജ് റസാലം പ്രഖ്യാപിച്ചു. നിലവിലുണ്ടായിരുന്ന പള്ളിക്കമ്മിറ്റിയെ പിരിച്ചുവിട്ടതായും 20 പേരടങ്ങുന്ന അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചതായും ബിഷപ്പ് പറഞ്ഞു. നിലവിലുള്ള വൈദികരെ സ്ഥലം മാറ്റി പുതിയ വൈദികരെയും നിയമിച്ചിട്ടുണ്ട്. ള്ളിയെ കത്തീഡ്രലാക്കുന്നതിനെതിരേ ഒരുവിഭാഗവും ഇതിന് അനുകൂലിക്കുന്ന മറു വിഭാഗവും രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് കാരണമായത്.

പള്ളി പ്രതിഷേധക്കാരില്‍നിന്നു മോചിപ്പിക്കാനായെന്ന് ബിഷപ്പ് പ്രഖ്യാപിച്ചു. തുടര്‍ന്ന് ജെസിബിയുടെ സഹായത്തോടെ പള്ളിയുടെ കോംപൗണ്ടില്‍ കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചു. ഈ സമയവും ഒരുവിഭാഗം വിശ്വാസികള്‍ ചുറ്റും നിന്നു പ്രതിഷേധിച്ചു. പോലിസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പള്ളിക്കുള്ളില്‍ കത്തീഡ്രലായി പ്രഖ്യാപിച്ച ശേഷമുള്ള ശുശ്രൂഷകള്‍ നടക്കുമ്പോഴും പുറത്ത് പ്രതിഷേധവും റോഡ് ഉപരോധവുമായി ഒരുവിഭാഗം തടിച്ചുകൂടിയിരുന്നു. ബിഷപ്പിനെതിരേ ഒരുവിഭാഗം കൂകി വിളിക്കുന്നുണ്ടായിരുന്നു. എംഎം സിഎസ്‌ഐ കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചതിനെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്.

ബിഷപ്പ് അനധികൃത കൈയേറ്റം നടത്തുകയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. എന്നാല്‍, പള്ളി കൈയടക്കി വച്ചവരില്‍ നിന്ന് മോചിപ്പിച്ചെന്നാണ് ബിഷപ്പിന്റെ വാദം. പള്ളിയിലെ 99 ശതമാനം ആളുകളും കത്തീഡ്രലാക്കുന്നതിനോട് യോജിപ്പുള്ളവരാണെന്നു ബിഷപ്പ് പിന്നീടു പ്രതികരിച്ചു. ചെറിയൊരു വിഭാഗം മാത്രമാണ് എതിര്‍ക്കുന്നത്. എതിര്‍പ്പുമായി എത്തിയിരിക്കുന്നവര്‍ എല്ലാവരും ഈ പള്ളി അംഗങ്ങള്‍ തന്നെയാണോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കത്തീഡ്രലായി പ്രഖ്യാപിച്ചതോടെ പള്ളി ബിഷപ്പിന്റെ ആസ്ഥാന ദേവാലയമായി മാറി. പ്രദേശത്ത് വന്‍ പോലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.