തൃശൂര്‍: സംസ്ഥാനത്തെ ഓരോ വാര്‍ഡിലും കര്‍ഷക ഗ്രൂപ്പൂകളുടെ കൃഷികൂട്ടങ്ങള്‍ രൂപപ്പെടണമെന്ന് കൃഷി മന്ത്രി പി പ്രസാദ്.
കാര്‍ഷിക സര്‍വകലാശാലയില്‍ മാതൃക കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ വാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ എന്തെല്ലാം കൃഷി ചെയ്യണമെന്ന് പദ്ധതി ഉണ്ടാക്കണമെന്നും കൃഷിയെക്കുറിച്ചുള്ള ആസൂത്രണവും നിര്‍വ്വഹണവും കൃഷിയിടങ്ങളിലാകണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം കാര്‍ഷിക ഉല്‍പാദനത്തിലും വിപണനത്തിലും സ്വയം പര്യാപ്തത കൈവരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള സര്‍ക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' ക്യാമ്പയിന്റെ ഭാഗമായാണ് കേരള കാര്‍ഷിക സര്‍വകലാശാല മാതൃക കൃഷിത്തോട്ടം ഒരുക്കുന്നത്.
കൃഷിയില്‍ സ്വയംപര്യാപ്തതയിലേക്ക് എത്താനും വിഷരഹിതമായ ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പാദനം ഉറപ്പുവരുത്താനും ഓരോ വ്യക്തിയും കുടുംബവും കൃഷിയിലേക്ക് തിരിയണമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക വിദ്യാര്‍ത്ഥികളുടെയും തൊഴിലാളികളുടെയും ജീവനക്കാരുടെയും പൊതുസമൂഹത്തിന്റേയും പൂര്‍ണ്ണ പിന്തുണ ഈ പദ്ധതിയുടെ വിജയത്തിനായി ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൃഷിയുമായി ബന്ധപ്പെട്ട ഏതാവശ്യത്തിനും സമീപിക്കാവുന്ന ഒരു കര്‍ഷക ക്ഷേമ കേന്ദ്രമായി സര്‍വ്വകലാശാല മാറിയെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
വൈസ് ചാന്‍സലര്‍ ഡോ ആര്‍. ചന്ദ്രബാബു സ്വാഗതം പറഞ്ഞു.
സര്‍വകലാശാലയുടെ കേരളത്തിലുടനീളമുള്ള ഗവേഷണ കേന്ദ്രങ്ങളില്‍ ഭക്ഷ്യ ഉല്പാദത്തിനായി സ്ഥലം നീക്കി വെച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. ചടങ്ങില്‍ കര്‍ഷകനായ കൊഴുക്കുള്ളി സ്വദേശി രാജേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു. രജിസ്ട്രാര്‍ ഡോ. സക്കിര്‍ ഹുസൈന്‍ നന്ദി പറഞ്ഞു.
