യുപി തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനില്‍ വ്യാപക കൃത്രിമമെന്ന് സമാജ് വാദി പാര്‍ട്ടി

Update: 2022-03-10 04:04 GMT

ലഖ്‌നോ; യുപി നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയില്‍ ബിജെപിക്കെതിരേ കടുത്ത ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാക്കള്‍. ബാലറ്റ് പേപ്പറിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനിലും കൃത്രിമം കാട്ടി ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് എസ് പി നേതാവ് നരേഷ് ഉത്തം പട്ടേല്‍ ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയമാതൃക തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.

''ബിജെപി ജനാധിപത്യത്തെ തകര്‍ക്കുകയാണ്. ചിലയിടങ്ങളില്‍ ബാലറ്റ് പേപ്പറുകള്‍ പിടിച്ചെടുക്കുന്നു. ചിലയിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പിടിച്ചെടുക്കുന്നു. എന്നാല്‍ ബിജെപി കെട്ടിപ്പൊക്കിയ നുണകള്‍ തകര്‍ക്കാന്‍ ജനങ്ങള്‍ തയ്യാറായിക്കഴിഞ്ഞു''- അദ്ദേഹം പറഞ്ഞു.

വോട്ടിങ് മെഷീനുകളില്‍ കൃത്രിമമുണ്ടെന്ന് എസ് പി നേതാവ് അഖിലേഷ് യാദവും ആരോപിച്ചിരുന്നു.

വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കണമെന്ന് അഖിലേഷ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

ബിജെപി ജയിക്കുമെന്ന വികാരം ഉണ്ടാക്കിയെടുക്കാനാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിനുവേണ്ടിയുള്ള അവസാന പോരാട്ടമാണ് നടക്കുന്നത്. സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ വോട്ടിങ് മെഷീനുകള്‍ പലയിടത്തേക്കും മാറ്റുന്നു. ഇത് മോഷണമാണ്. നമ്മുടെ വോട്ടുകള്‍ സംരക്ഷിക്കേണ്ടതുണ്ട്.''-അദ്ദേഹം പറഞ്ഞു.

യുപി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കുകയാണ്.